യൂറോപ ലീഗ് ക്വാര്‍ട്ടര്‍: അഞ്ച് ഗോള്‍ ജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ബയേര്‍ ലെവര്‍കുസന്‍ റേഞ്ചേഴ്‌സിനേയും(3-1), എഫ്.സി ബാസെല്‍ എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനേയും(3-0), ശാക്തര്‍ വോള്‍വ്‌സ്ബര്‍ഗിനേയും(2-1) ഇസ്താംബുള്‍ ബസാക്ഷിര്‍ എഫ്‌സി കോപെന്‍ഹേഗനേയും(1-0) തോല്‍പിച്ചു.

യൂറോപ ലീഗ് ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയം ലാസ്‌കിനെ അവരുടെ മൈതാനത്ത് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ബയേര്‍ ലെവര്‍കുസന്‍ റേഞ്ചേഴ്‌സിനേയും(3-1), എഫ്.സി ബാസെല്‍ എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനേയും(3-0), ശാക്തര്‍ വോള്‍വ്‌സ്ബര്‍ഗിനേയും(2-1) ഇസ്താംബുള്‍ ബസാക്ഷിര്‍ എഫ്‌സി കോപെന്‍ഹേഗനേയും(1-0) തോല്‍പിച്ചു. വോള്‍വ്‌സും ഒളിംപിയാക്കോസും തമ്മിലുള്ള മത്സരം(1-1) സമനിലയില്‍ പിരിഞ്ഞു.
കൊറോണ ഭീതിയെ തുടര്‍ന്ന് ഗെറ്റഫെയും ഇന്റര്‍മിലാനും തമ്മിലുള്ള മത്സരവും സെവില്ലയും റോമയും തമ്മിലുള്ള മത്സരവും മാറ്റിവെച്ചിരിക്കുകയാണ്.
ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ഒഡിയോണ്‍ ഇഗാലോ മിന്നുംഫോം തുടരുകയാണ്. ലാസ്‌കിനെതിരായ മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതും ഈ 30കാരന്‍ തന്നെ. യുണൈറ്റഡിന് വേണ്ടി തുടക്കം മുതല്‍ കളിക്കാനിറങ്ങിയ മൂന്ന് മത്സരങ്ങളില്‍ നിന്നും ഈ നൈജീരിയക്കാരന്‍ നേടിയത് നാല് ഗോളുകള്‍. ലാസ്‌കിനെതിരായ മത്സരത്തില്‍ രണ്ടാം ഗോളിന് വഴിയൊരുക്കിയതും ഇഗാലോ തന്നെയായിരുന്നു.
വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ഒളിംപിയാക്കോസിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയത് 28ആം മിനുറ്റില്‍ റൂബെന്‍ സെമാഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായപ്പോഴായിരുന്നു. ദിയേഗോ ജോട്ടയെ ഫൗള്‍ ചെയ്തതിനാണ് സെമാഡോക്ക് ചുവപ്പുകാര്‍ഡ് കിട്ടിയത്. ഇതോടെ പത്തുപേരിലേക്ക് ചുരുങ്ങിയ ഒളിംപിയാക്കോസ് ഏറെ പണിപെട്ടാണ് വോള്‍വ്‌സിനെതിരെ പിടിച്ചു നിന്നത്.
ഒളിംപിയാക്കോസ് യൂസഫ് എല്‍ബറാദിയിലൂടെ 54ആം മിനുറ്റില്‍ മുന്നിലെത്തിയെങ്കിലും പെഡ്രോ നെറ്റോ വൈകാതെ വോള്‍വ്‌സിനായി സുപ്രധാന എവേ സമനില ഗോള്‍ കണ്ടെത്തി. വോള്‍വ്‌സിന്റെ തട്ടകത്ത് നടക്കേണ്ട രണ്ടാം പാദത്തില്‍ സെന്റര്‍ബാക്ക് സെമാഡോക്ക് കളിക്കാനാവില്ലെന്നതും ഒളിംപിയാക്കോസിന് തിരിച്ചടിയാണ്.
ബുണ്ടസ് ലിഗ ക്ലബ് ബയേര്‍ ലെവര്‍കുസന്‍ റേഞ്ചേഴ്‌സിനെ 3-1ന് തോല്‍പിച്ച് സീസണിലെ മിന്നുംഫോം തുടര്‍ന്നു. കെയ് ഹാവെര്‍ഡ്‌സിന്റെ പെനല്‍റ്റിയിലൂടെ തുടങ്ങി ബയേറിനുവേണ്ടി ചാള്‍സ് അരാന്‍ഗ്വിസും ലിയോണ്‍ ബെയ്‌ലിയും ലക്ഷ്യം കണ്ടു. ജോര്‍ജ് എഡ്മുണ്ടോസണായിരുന്നു റേഞ്ചേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.
Adjust Story Font
16

