ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വീണ്ടും നീട്ടി
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഏപ്രില്‍ 30 വരെ നീട്ടാന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം...

കൊറോണ വൈറസ് ഭീതി തുടരുന്നതിനിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത് ഏപ്രില്‍ 30 വരെ നീട്ടി. ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ നിയന്ത്രണ സമിതിയായ ദ ഫുട്‌ബോള്‍ അസോസിയേഷനാണ് തീരുമാനം അറിയിച്ചത്. പ്രീമിയര്‍ ലീഗ് അടക്കം രാജ്യത്ത് നടക്കുന്ന എല്ലാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകളും ഏപ്രില്‍ 30 വരെ നീട്ടാനാണ് തീരുമാനം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫുട്‌ബോള്‍ ലീഗ്, വനിതാ സൂപ്പര്‍ ലീഗ് തുടങ്ങി ഇംഗ്ലണ്ടിലെ എല്ലാ പ്രൊഫഷണല്‍ ലീഗുകളും ഏപ്രില്‍ നാല് വരെ നീട്ടാന്‍ കഴിഞ്ഞ ആഴ്ച്ചയില്‍ തീരുമാനമുണ്ടായിരുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. വൈകാതെ അമേച്ചര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ അടക്കം നിര്‍ത്തിവെക്കാനും തീരുമാനമായി.
ജൂണ്‍ ഒന്നിന് മുമ്പ് സീസണ്‍ അവസാനിക്കണമെന്നാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ നിയമം അനുശാസിക്കുന്നത്. ഇത് കണക്കിലെടുത്തായിരിക്കും ഏപ്രില്‍ 30ന് ശേഷം ഓരോ ടൂര്‍ണ്ണമെന്റുകളും മത്സരക്രമം തീരുമാനിക്കുക. യൂറോകപ്പ് 2021ലേക്ക് മാറ്റാന്‍ യുവേഫ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തെ തുടര്‍ന്ന് മത്സരകലണ്ടറില്‍ കൂടുതല്‍ സമയം ലഭിച്ചതോടെയാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം.
Adjust Story Font
16

