കോവിഡ് സഹായ ഫണ്ടുമായി പ്രീമിയര്‍ ലീഗ് താരങ്ങള്‍
വന്‍ പ്രതിഫലം വാങ്ങുന്ന പ്രീമിയര്‍ ലീഗ് താരങ്ങള്‍ കോവിഡ് പ്രതിന്ധി അതിജീവിക്കാന്‍ സഹായിക്കണമെന്ന് യു.കെ ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു...

കോവിഡ് രോഗത്തിനെതിരെ പോരാടുന്ന ബ്രിട്ടനിലെ ആരോഗ്യ മേഖലക്കായി പ്രത്യേകം സഹായ ഫണ്ട് രൂപീകരിച്ച് പ്രീമിയര്‍ ലീഗ് താരങ്ങള്‍. ലിവര്‍പൂളിന്റേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയും ക്യാപ്റ്റന്മാര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വന്‍ പ്രതിഫലം വാങ്ങുന്ന പ്രീമിയര്‍ ലീഗ് താരങ്ങള്‍ കോവിഡ് പ്രതിന്ധി അതിജീവിക്കാന്‍ സഹായിക്കണമെന്ന് യു.കെ ഹെല്‍ത്ത് സെക്രട്ടറി ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് കളിക്കാര്‍ ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രീമിയര്‍ ലീഗ് താരങ്ങള്‍ സഹായിക്കണമെന്ന യു.കെ ഹെല്‍ത്ത് സെക്രട്ടറിയുടെ ആവശ്യത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ സോള്‍ഷ്യര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു. സാമ്പത്തിക സഹായവും മറ്റും വേണ്ടപ്പോള്‍ എളുപ്പം ലക്ഷ്യംവെക്കാവുന്നവരായി പ്രീമിയര്‍ ലീഗ് താരങ്ങളെ കാണുന്നത് ശരിയല്ലെന്നായിരുന്നു സോള്‍ഷ്യറുടെ വിമര്‍ശം.
ആഴ്ച്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രീമിയര്‍ ലീഗിലെ താരങ്ങള്‍ കോവിഡ് സഹായ ഫണ്ട് പ്രഖ്യാപിക്കുന്നതെന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. കോവിഡ് 19 പ്രതിസന്ധി മറികടക്കാന്‍ ബ്രിട്ടനിലെ എന്‍.എച്ച്.എസിന്(ദേശീയ ആരോഗ്യ സേവനം) വലിയ സഹായമാകും കളിക്കാരുടെ നീക്കം. പ്രതിസന്ധി കാലത്ത് ബ്രിട്ടനും രാജ്യത്തെ എന്‍.എച്ച്.എസിനും തങ്ങളാലാവുന്ന സഹായം നല്‍കുകയാണെന്നാണ് കളിക്കാരുടെ പ്രസ്താവന.
എന്‍.എച്ച്.എസ് ചാരിറ്റീസ് ടുഗെതര്‍ എന്നതിലേക്കായിരിക്കും കളിക്കാരുടെ ഫണ്ട് ചെല്ലുക. ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 150ലേറെ ചാരിറ്റികള്‍ എന്‍.എച്ച്.എസ് ചാരിറ്റീസ് ടുഗെതറുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ ഈ സംവിധാനം കൊണ്ട് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രീമിയര്‍ ലീഗ് കളിക്കാരുടെ കൂട്ടായ്മ അവകാശപ്പെട്ടു.
Adjust Story Font
16

