'ബാലിശം, ഇനിയും ലോക്ഡൗണ്‍ ലംഘിച്ചാല്‍ ബലം പ്രയോഗിക്കും' റൊണാള്‍ഡോക്ക് അധികൃതരുടെ മുന്നറിയിപ്പ്
റൊണാള്‍ഡോയെ പോലുള്ള ലോകോത്തര താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട പ്രവര്‍ത്തികളാണ് ചെയ്യേണ്ടതെന്നും പ്രത്യേകം ഇളവുകളൊന്നും റൊണാള്‍ഡോക്ക് അനുവദിച്ചിട്ടില്ലെന്നും അധികൃതര്‍...
ലോക്ഡൗണ്‍ ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗീസ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. റൊണാള്‍ഡോയെ പോലുള്ള ലോകോത്തര താരങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട പ്രവര്‍ത്തികളാണ് ചെയ്യേണ്ടതെന്നും മറ്റുപൗരന്മാര്‍ക്കില്ലാത്ത പ്രത്യേകം ഇളവുകളൊന്നും റൊണാള്‍ഡോക്ക് അനുവദിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പോര്‍ച്ചുഗലിലെ സ്വന്തം നാടായ മാഡ്രിയയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനകത്ത് റൊണാള്‍ഡോയും സുഹൃത്തുക്കളും ഫുട്‌ബോള്‍ കളിക്കുന്നതിന്റേയും പരിശീലിക്കുന്നതിന്റേയും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്.


മാര്‍ച്ച് തുടക്കം മുതല്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിലുണ്ട്. ആരോഗ്യസ്ഥിതി വഷളായ മാതാവിനെ കാണാനെത്തിയ റൊണാള്‍ഡോക്ക് കോവിഡിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങാന്‍ സാധിച്ചിരുന്നില്ല. യുവന്റസ് സഹതാരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും ഇറ്റലിയില്‍ കോവിഡ് മഹാമാരിയായതും റൊണാള്‍ഡോയെ സ്വന്തം നാട്ടില്‍ തന്നെ തളച്ചിടുകയായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡോ സുഹൃത്തുക്കള്‍ക്കൊപ്പം മഡേരിയ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. 'റൊണാള്‍ഡോക്ക് ഇങ്ങനെയൊരു പരിശീലനം നടത്താന്‍ പ്രത്യേകമായി യാതൊരുഅനുമതിയും നല്‍കിയിട്ടില്ല' എന്നായിരുന്നു പ്രാദേശിയ ആരോഗ്യവിഭാഗം തലവന്‍ പെഡ്രോ റാമോസ് പ്രതികരിച്ചത്. പൗരന്മാര്‍ക്കെല്ലാമുള്ള നിയമം പാലിച്ചുകൊണ്ടുള്ള പരിശീലനങ്ങള്‍ മാത്രമേ അനുവദിക്കാനാവൂ എന്നും പ്രത്യേക ഇളവുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്ഡൗണിന്റെ ഭാഗമായി എല്ലാ പൗരന്മാരേയും വീടുകളിലിരിക്കാന്‍ അധികൃതര്‍ പ്രേരിപ്പിക്കുമ്പോള്‍ റൊണാള്‍ഡോയും കൂട്ടരും ഫുട്‌ബോള്‍ കളിക്കാനിറങ്ങിയതാണ് അധികൃതരെ ചൊടിപ്പിച്ചത്.


റൊണാള്‍ഡോയുടെ ലോക്ഡൗണ്‍ ലംഘിച്ച നടപടിയെ 'ബാലിശ'മെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ വിശേഷിപ്പിച്ചത്. 'മെഡീരിയയിലെ എല്ലാവരും സര്‍ക്കാര്‍ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. തുടര്‍ന്നും ലോക്ഡൗണ്‍ ലംഘനങ്ങളുണ്ടായാല്‍ മതിയായ ബലംപ്രയോഗിക്കേണ്ടി വരും' എന്നുകൂടി പെഡ്രോ റാമോസ് മുന്നറിയിപ്പ് നല്‍കി.
Adjust Story Font
16

