Quantcast

കോവിഡ് കാലത്ത് കേരളത്തിലായത് അനുഗ്രഹമായെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍

മാര്‍ച്ച് നാല് മുതല്‍ കേരളത്തിലുള്ള തനിക്ക് കോവിഡ് ഭീതിയില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ദിമിതര്‍ പന്റേവ്...

MediaOne Logo

  • Published:

    13 April 2020 7:58 AM IST

കോവിഡ് കാലത്ത് കേരളത്തിലായത് അനുഗ്രഹമായെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍
X

കോവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളേയും ആരോഗ്യമേഖലയേയും വാനോളം പുകഴ്ത്തിക്കൊണ്ട് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദിമിതര്‍ പന്റേവിന്റെ ഫേസ്ബുക്ക് കുറിപ്പ്. മാര്‍ച്ച് നാലിന് കേരളത്തിലെത്തിയ പന്റേവ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. യൂറോപ്പിലെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ കോവിഡിന്റെ സമയത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹമായെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ദുബൈയിലെ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചാണ് കേരളത്തില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തിലേക്ക് ദിമിതര്‍ പന്റേവ് എത്തുന്നത്. മാര്‍ച്ച് നാലിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. 'ദൈവത്തിന്റെ സ്വന്തം നാടായ' കേരളത്തിന്റെ പ്രകൃതി ഭംഗി അതിശയിപ്പിച്ചുകളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കുറച്ചു ദിവസങ്ങള്‍ക്കകം കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ കേരളവും പ്രതിരോധ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും കോവിഡിനെ പേടിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന തോന്നലുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി ഷൈലജ ടീച്ചറേയും അദ്ദേഹം പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. കേരളത്തിന്റെ കോവിഡിനെതിരായ പോരാട്ടത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കുന്നത് കാണുമ്പോള്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും പാന്റേവ് കൂട്ടിച്ചേര്‍ക്കുന്നു.

ക്വാറന്റെയ്ന്‍ കാലത്ത് ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും എല്ലാ ദിവസവും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ 'ക്വാറന്റെയ്‌നിലുള്ള വിദേശി' എന്ന നിലയില്‍ തന്റെ നീക്കങ്ങള്‍ സസൂഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

കോവിഡ് യൂറോപ്പിലുണ്ടാക്കിയ ദുരന്തങ്ങള്‍ കാണുമ്പോള്‍ ഞാന്‍ കേരളത്തിലായത് അനുഗ്രഹമായാണ് തോന്നുന്നത്. എന്റെയും കുടുംബത്തിന്റേയും സ്‌നേഹാന്വേഷണങ്ങള്‍ പിണറായി വിജയനേയും ശൈലജ ടീച്ചറേയും നേരില്‍ കണ്ട് അറിയിക്കാന്‍ ശ്രമിക്കുമെന്ന് കൂടി പറഞ്ഞാണ് 30കാരനായ ദിമിതര്‍ പന്റേവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

TAGS :

Next Story