ക്ലോസെ ബയേണ്‍ മ്യൂണിക് സഹപരിശീലകന്‍
ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളായ ക്ലോസെയുടെ മികവ് ക്ലബിന് ഉപകാരപ്പെടുമെന്നാണ് ബയേണ്‍ അധികൃതരുടെ പ്രതീക്ഷ...

ജര്‍മനിയുടെ മുന്‍ ഫുട്‌ബോള്‍ താരം മിറോസ്ലാവ് ക്ലോസെ ഇനി ബയേണ്‍ മ്യൂണിക്കിന്റെ സഹപരിശീലകന്‍. ഈ ജൂലൈ മുതലായിരിക്കും മുഖ്യ പരിശീലകന്‍ ഹാന്‍സി ഫ്ളിക്കിന്റെ സഹായിയായി ക്ലോസെ ബയേണിലെത്തുക. ഒരു വര്‍ഷത്തേക്കാണ് നിയമനം. ജര്‍മ്മനി കണ്ട ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളായ ക്ലോസെയുടെ മികവ് ക്ലബിന് ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കഴിഞ്ഞ രണ്ടു സീസണുകളില്‍ ബയേണ്‍ മ്യൂണിക്കിന്റെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായിരുന്നു ക്ലോസെ. കഴിഞ്ഞവര്‍ഷം ബുണ്ടസ്‌ലിഗ സൗത്ത്/ സൗത്ത് വെസ്റ്റ് റെഗുലര്‍ സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ടീമിന് ക്ലോസെ നേടിക്കൊടുത്തിരുന്നു.
'വളരെ സന്തോഷം. ജര്‍മന്‍ ടീമില്‍ കളിക്കുന്ന കാലം തൊട്ട് ഹാന്‍സി ഫ്ളിക്കിനെ അറിയാം. വ്യക്തിപരമായും അല്ലാതെയും പരസ്പര വിശ്വാസമുള്ളവരാണ് ഞങ്ങള്‍. ഇത് എന്റെ പരിശീലക കരിയറിലെ പുതിയ കാല്‍വെപ്പാണ്. എന്റെ അനുഭവസമ്പത്ത് വഴി ബയേണിനെ സഹായിക്കുമെന്നാണ് പ്രതീക്ഷ' പരിശീലകനായി നിയമിതനായ ശേഷം ക്ലോസെ പ്രതികരിച്ചു. 2014ല്‍ ക്ലോസെ ജര്‍മന്‍ ടീമില്‍ കളിക്കുമ്പോള്‍ സഹ പരിശീലകനായിരുന്നു ഫ്ളിക്.
പുരുഷ ഫുട്‌ബോള്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് 41കാരനായ ക്ലോസെ. നാലു ലോകകപ്പുകളിലായി 16 ഗോളുകളാണ് ഈ സ്‌ട്രൈക്കര്‍ നേടിയിട്ടുള്ളത്. 2014ല്‍ ലോകകിരീടം നേടിയ ജര്‍മ്മന്‍ ടീമിലും ക്ലോസെയുണ്ടായിരുന്നു. ഒരു ലോകകപ്പില്‍ അഞ്ച് ഹെഡര്‍ ഗോളുകള്‍ നേടിയതിന്‍റെ റെക്കോഡുമുണ്ട് ക്ലോസെക്ക്.
ജര്‍മനിക്കായി 137 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും ക്ലോസെ 71ഗോളുകള്‍ നേടി. ബയേണ്‍ കുപ്പായത്തില്‍ 150 മത്സരം കളിച്ച താരം 53 തവണ ലക്ഷ്യം കണ്ടു. ബുണ്ടസ് ലിഗയില്‍ ആകെ 307 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്ലോസെ 121 കോളുകളാണ് നേടിയിട്ടുള്ളത്. രണ്ട് തവണ ബുണ്ടസ് ലിഗ കിരീടം നേടിയിട്ടുണ്ട്. 2016ല്‍ ബൂട്ടഴിക്കുമ്പോള്‍ ലാസിയോയുടെ താരമായിരുന്നു ക്ലോസെ.
Adjust Story Font
16

