ടൂത്ത് പേസ്റ്റ് വാങ്ങാന്‍ പോയി, ബുണ്ടസ്‌ലിഗ പരിശീലകന് ആദ്യ മത്സരം നഷ്ടമാകും
ബുണ്ടസ് ലിഗയില്‍ ഓഗ്‌സ്ബര്‍ഗിന്റെ പരിശീലകനായ ശേഷമുള്ള ടീമിന്റെ ആദ്യ മത്സരമാണ് ഈയൊരു അശ്രദ്ധയില്‍ ഹെര്‍ലിച്ചിന് നഷ്ടമായിരിക്കുന്നത്...

ഹോട്ടലില്‍ നിന്നും പല്ലു തേക്കാന്‍ ടൂത്ത് പേസ്റ്റ് വാങ്ങാനിറങ്ങിയതായിരുന്നു ബുണ്ടസ് ലിഗയിലെ ഓഗ്‌സ്ബര്‍ഗ് പരിശീലകന്‍ ഹെയ്‌കോ ഹെര്‍ലിച്ച്. അത് ഇത്രവലിയ പൊല്ലാപ്പാകുമെന്ന് അദ്ദേഹം സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല. കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌കും ശാരീരിക അകലവുമൊക്കെ പാലിച്ചെങ്കിലും ക്വാറന്റെയ്‌നിലാണെന്ന കാര്യം ഹെയ്‌കോ മറന്നു. ഇതോടെ ബുണ്ടസ് ലിഗയില്‍ ഓഗ്‌സ്ബര്‍ഗിന്റെ പരിശീലകനായ ശേഷമുള്ള ടീമിന്റെ ആദ്യ മത്സരമാണ് അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നത്.
രണ്ട് മാസത്തെ ഇടവേളക്കുശേഷമാണ് ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗയില്‍ വീണ്ടും പന്തുരുളാന്‍ തുടങ്ങുന്നത്. മാര്‍ച്ച് പത്തിനാണ് 48കാരനായ ഹെര്‍ലിച്ച് ഓഗ്‌സ്ബര്‍ഗിന്റെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം നാളെ ബുണ്ടസ്‌ലിഗയില്‍ കളികള്‍ തുടങ്ങാനിരിക്കെയാണ് ഹെര്‍ലിച്ചിന് അപ്രതീക്ഷിത തിരിച്ചടിയേറ്റിരിക്കുന്നത്.
ശനിയാഴ്ച്ചത്തെ വോള്‍സ്ബര്‍ഗിനെതിരായ മത്സരത്തിന് മുമ്പ് ടീം പരിശീലനത്തിലായിരുന്നു. ഹോട്ടലില്‍ തങ്ങിയിരുന്ന ഹെര്‍ലിച്ച് ടൂത്ത് പേസ്റ്റ് വാങ്ങാനായി സൂപ്പര്‍മാര്‍ക്കറ്റില്‍ പോയതാണ് കുഴപ്പമായത്. ക്വാറന്റെയ്ന്‍ തെറ്റിച്ചതോടെ ശനിയാഴ്ച്ചത്തെ മത്സരത്തില്‍ താന്‍ ടീമിനൊപ്പമുണ്ടാകില്ലെന്ന് ഹെര്‍ലിച്ച് അറിയിച്ചു.
തന്റെ ഭാഗത്തു നിന്നാണ് വീഴ്ച്ചയുണ്ടായതെന്ന് പിന്നീട് ടെലി കോണ്‍ഫറന്‍സ് വഴിയുള്ള വാര്‍ത്താസമ്മേളനത്തില്‍ ഹെര്‍ലിച്ച് പറഞ്ഞു. ടീമിനും പൊതുസമൂഹത്തിനും മാതൃകയാകാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ഏറ്റു പറഞ്ഞു. ബുണ്ടസ് ലിഗയിലെ എല്ലാ ക്ലബുകളിലേയും കളിക്കാര്‍ക്കും ഒഫീഷ്യല്‍സിനും തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നുണ്ട്. രണ്ട് തവണ കോവിഡ് പരിശോധ നെഗറ്റീവായാല്‍ ഹെര്‍ലിച്ചിന് വീണ്ടും ടീമിനൊപ്പം ചേരാം. ബുണ്ടസ് ലിഗയില്‍ പതിനാലാം സ്ഥാനത്താണ് ഹെര്‍ലിച്ചിന്റെ ഓഗ്‌സ്ബര്‍ഗ്.
Adjust Story Font
16

