Quantcast

ലിവര്‍പൂള്‍ അത്‌ലറ്റികോ മാഡ്രിഡ് മത്സരം 41 അധിക കോവിഡ് മരണങ്ങള്‍ക്ക് കാരണമായി

ഈ മത്സരം നടന്ന് 25-35 ദിവസങ്ങള്‍ക്കുള്ളില്‍ പ്രദേശത്തെ ആശുപത്രികളില്‍ 41 അധിക കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു....

MediaOne Logo

  • Published:

    25 May 2020 9:00 AM GMT

ലിവര്‍പൂള്‍ അത്‌ലറ്റികോ മാഡ്രിഡ് മത്സരം 41 അധിക കോവിഡ് മരണങ്ങള്‍ക്ക് കാരണമായി
X

ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡും ലിവര്‍പൂളും തമ്മില്‍ നടന്ന മത്സരം കാണികളെ പ്രവേശിപ്പിച്ചുകൊണ്ട് നടത്താനുള്ള തീരുമാനത്തെ തുടര്‍ന്ന് 41 അധിക കോവിഡ് മരണങ്ങളുണ്ടായെന്ന് പഠനം. സണ്‍ഡേ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നത്. കോവിഡ് ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ പ്രധാന ഫുട്‌ബോള്‍ മത്സരമായിരുന്നു ഇത്.

മാര്‍ച്ച് 11ന് ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 52,000 പേരാണ് കാണികളായി എത്തിയത്. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ലിവര്‍പൂള്‍ സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെയാണ് നേരിട്ടത്. മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ 3-2ന് തോല്‍പിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-2നാണ് അത്‌ലറ്റികോ മാഡ്രിഡ് ലിവര്‍പൂളിനെ മറികടന്ന് അവസാന എട്ടിലെത്തിയത്.

ഈ മത്സരം നടന്ന് 25-35 ദിവസങ്ങള്‍ക്കുള്ളില്‍ പ്രദേശത്തെ ആശുപത്രികളില്‍ 41 അധിക കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുവെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ബ്രിട്ടന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി വിവര ശേഖരണം നടത്തുന്ന എഡ്ജ് ഹെല്‍ത്താണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്റേയും ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുടേയും കണക്കുകള്‍ പ്രകാരം ഈ മത്സരം നടക്കുമ്പോള്‍ സ്‌പെയിനില്‍ 6.40 ലക്ഷം പേര്‍ക്കും ബ്രിട്ടനില്‍ ഒരു ലക്ഷം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംഭവത്തെ നേരത്തെ തന്നെ സര്‍ക്കാര്‍ അധികൃതര്‍ ഗൗരവത്തിലെടുത്തിരുന്നു. എന്തുകൊണ്ടാണ് ഈ മത്സരത്തിന് അനുമതി നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസത്തില്‍ തന്നെ ലിവര്‍പൂള്‍ മേയര്‍മാരില്‍ ഒരാള്‍ പ്രഖ്യാപിച്ചിരുന്നു. യൂറോപില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായിരിക്കുന്നത്(36,000ത്തിലേറെ) ബ്രിട്ടനിലാണ്. മരണസംഖ്യയില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാമതാണ് ബ്രിട്ടന്‍.

TAGS :

Next Story