കോവിഡിനെ തോല്‍പിച്ച് ഫുട്‌ബോള്‍ കാണാനെത്തി വെര്‍ചുല്‍ കാണികള്‍
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ സമര്‍ഥമായി മറികടക്കുകയാണ് ഡാനിഷ് സൂപ്പര്‍ ലിഗയിലെ എ.ജി.എഫ് ആര്‍ഹുസ് എന്ന ഡാനിഷ് ക്ലബ്...

ഗാലറിയില്‍ വീണ്ടും കയ്യടികളും ആര്‍പ്പു വിളികളും മുഴങ്ങി, ആരാധകര്‍ എത്തിയതോടെ കളിക്കാര്‍ പതിന്മടങ്ങ് ആവേശത്തില്‍ പന്തുതട്ടി. പക്ഷേ, കാണികള്‍ സൂം ആപ് വഴി വെര്‍ച്ചുലായാണ് സ്റ്റേഡിയത്തിലെത്തിയത്. എങ്കിലും അവര്‍ കളി കണ്ടു പ്രോത്സാഹിപ്പിച്ചു. കളിക്കാര്‍ കാണികളേയും കണ്ടു.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ സമര്‍ഥമായി മറികടക്കുകയാണ് ഡാനിഷ് സൂപ്പര്‍ ലിഗയിലെ ഒരു ക്ലബ്. സമ്പര്‍ക്ക വിലക്കിന്റെ സാഹചര്യത്തില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റാനാകില്ലെന്ന സാഹചര്യത്തെയാണ് സൂം ആപിന്റെ സഹായത്തോടെ എ.ജി.എഫ് ആര്‍ഹുസ് എന്ന ഡാനിഷ് ക്ലബ് മറികടന്നത്. 92ആം മിനുറ്റില്‍ റാന്‍ഡേഴ്‌സ് എഫ്.സിക്കെതിരെ സമനില ഗോള്‍(1-1) നേടിയപ്പോള്‍ എ.ജി.എഫ് ആര്‍ഹുസിന്റേയും കാണികളുടേയും വെര്‍ച്ചുല്‍ ആവേശവും വാനോളമായി.


മൂന്ന് വമ്പന്‍ സ്‌ക്രീനുകളിലായി പതിനായിരത്തോളം കാണികള്‍ക്ക് കളികാണാനുള്ള അവസരമാണ് ക്ലബ് ഒരുക്കിയത്. വീടുകളില്‍ സുരക്ഷിതമായിരുന്നാണ് കാണികള്‍ കളി കണ്ടത്. കളിക്കാര്‍ക്ക് ഈ സ്‌ക്രീനുകള്‍ വഴി കാണികളെ കാണാനും അവസരമുണ്ടായിരുന്നു. ഒമ്പത് അടി ഉയരവും 131 അടി വീതിയുമുണ്ട് ഈ സ്‌ക്രീനുകള്‍ക്ക്.
ഒറ്റയടിക്ക് പതിനായിരം പേരെ സൂം ആപ് വഴി ബന്ധിപ്പിക്കാനാവില്ലെന്ന വെല്ലുവിളിയും ക്ലബ് മറികടന്നു. ഇതിനായി 18 പേരെ വീതം ഉള്‍ക്കൊള്ളുന്ന 556 ഗ്രൂപ്പുകളാണ് ഉണ്ടാക്കിയത്. സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ട ഭാഗത്തെ സീറ്റുകള്‍ സ്വന്തമാക്കാനും അവസരമുണ്ടായിരുന്നു. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള സ്‌ക്രീനിലാണ് ഇവരെ കാണിച്ചത്.
പതിനായിരം സൂം ലിങ്കുകളാണ് ക്ലബ് ഒരുക്കിയതെങ്കിലും അതിലേറെ പേര്‍ മത്സരം കണ്ടിട്ടുണ്ട്. കാരണം പലയിടത്തും ഒന്നിലേറെ പേര്‍ കളി കാണാനുണ്ടായിരുന്നു. നിലവിലെ സൂം പരീക്ഷണത്തിന് ക്ലബ് ആരാധകരില്‍ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടില്ല. കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരാനാവാത്തത് അവരുടെ കുറ്റം കൊണ്ടല്ല, പിന്നെങ്ങനെ അവരില്‍ നിന്നും പണം വാങ്ങുമെന്നാണ് ഡാനിഷ് ക്ലബിന്റെ ന്യായം.
ഫുട്‌ബോള്‍ മൈതാനത്തിന്റെ ഒരു ഭാഗം മുഴുവനായും വെര്‍ച്ചുല്‍ കാണികളെകൊണ്ട് നിറഞ്ഞിരുന്നു. ഒരേ സമയം 200 പേരെയാണ് പരമാവധി കാണിക്കാന്‍ സാധിച്ചിരുന്നത്. ഇതില്‍ ആരെയെല്ലാമാണ് കാണിക്കേണ്ടതെന്ന് തെരഞ്ഞെടുക്കാനായി 50 പേരുടെ സംഘത്തെയും നിയമിച്ചിരുന്നു. പരിധിവിടുന്ന അശ്ലീല ആംഗ്യങ്ങളും മറ്റും കാണിക്കുന്ന കാഴ്ച്ചക്കാരെ ഒഴിവാക്കാനും നിര്‍ദേശമുണ്ടായിരുന്നു. അത്തരത്തില്‍ പരിധി വിട്ട രണ്ട് പേരെ മാത്രമാണ് ഒഴിവാക്കേണ്ടി വന്നത്.
Adjust Story Font
16

