ടോട്ടന്നത്തിലെ ഒരാള്‍ക്ക് കോവിഡ്
അഞ്ചാം റൗണ്ടില്‍ കളിക്കാരുടേയും ഒഫീഷ്യലുകളുടേയും അടക്കം 1197 പേരുടെ പരിശോധനയിലാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളുടെ താരങ്ങളുടേയും ഒഫീഷ്യലുകളുടേയും അഞ്ചാം റൗണ്ട് കോവിഡ് പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടോട്ടന്നം ഹോട്ട്‌സ്പറിലെ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കളിക്കാരനാണ് കോവിഡെങ്കില്‍ ടോട്ടന്നത്തിന്റെ പ്രീമിയര്‍ ലീഗിലെ തിരിച്ചുവരവ് പ്രതിസന്ധിയിലാവും.
കളിക്കാരുടേയും ഒഫീഷ്യലുകളുടേയും അടക്കം 1197 പേരുടെ പരിശോധനയിലാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇക്കാര്യം ടോട്ടന്നം തന്നെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം ആര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന കാര്യം സ്വകാര്യതയുടെ പേരില്‍ പുറത്തുവിടുന്നില്ലെന്നാണ് ടോട്ടന്നം അറിയിച്ചിരിക്കുന്നത്.
കോവിഡ് സ്ഥിരീകരിച്ചയാള്‍ക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ഏഴ് ദിവസത്തേക്ക് ഐസോലേഷനിലേക്ക് മാറ്റിയിരിക്കുകയാണെന്നും ക്ലബ് അറിയിച്ചു. നാലാം റൗണ്ട് കോവിഡ് പരിശോധനയില്‍ 1130 പേരെ പരിശോധിച്ചതില്‍ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. മൂന്നാം റൗണ്ടില്‍ 1008 പേരെ പരിശോധിച്ചപ്പോള്‍ നാല് പേര്‍ക്കും രണ്ടാം റൗണ്ടില്‍ 996 പേരെ പരിശോധിച്ചപ്പോള്‍ രണ്ട് പേര്‍ക്കും ആദ്യ റൗണ്ടില്‍ 748 പേരെ പരിശോധിച്ചപ്പോള്‍ ആറ് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Adjust Story Font
16

