Quantcast

നാപോളിയുടെ വിജയാഘോഷത്തിനെതിരെ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

അറ്റ്‌ലാന്റ - വലന്‍സിയ ചാമ്പ്യന്‍സ് ലീഗ് മത്സരമാണ് ഇറ്റലിയില്‍ ഇത്രവലിയ കോവിഡ് വ്യാപനത്തിനിടയാക്കിയതെന്ന വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല...

MediaOne Logo

  • Published:

    19 Jun 2020 2:53 PM IST

നാപോളിയുടെ വിജയാഘോഷത്തിനെതിരെ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
X

കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കോപ ഇറ്റാലിയ കിരീട നേട്ടം നാപോളി ആരോധകര്‍ ആഘോഷിച്ചതിനെതിരെ ലോകാരോഗ്യ സംഘടനയുടെ വിമര്‍ശം. ആദ്യഘട്ടത്തില്‍ കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയിലെ ആരാധകരുടെ ആഘോഷത്തെ ആള്‍ക്കൂട്ടത്തിന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയെന്നാണ് ലോകാരോഗ്യ സംഘടന പ്രതിനിധി വിശേഷിപ്പിച്ചത്.

കോവിഡിനെ തുടര്‍ന്ന് സമ്പര്‍ക്ക വിലക്കും സാമൂഹ്യ അകലവും പാലിക്കണമെന്ന നിര്‍ദേശങ്ങളെ പരിഹസിച്ചുകൊണ്ട് നൂറുകണക്കിന് ആരാധകര്‍ തെരുവില്‍ ആഘോഷിക്കാനിറങ്ങിയതാണ് വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നത്. ഈ ചിത്രങ്ങള്‍ കാണുന്നത് വേദനിപ്പിക്കുന്നുവെന്നും ഇനിയൊരിക്കലും ഇങ്ങനെയൊന്ന് സംഭവിക്കരുതെന്നും ഡബ്ല്യു.എച്ച്.ഒ അസിസ്റ്റന്റ് ഡയറക്ടര്‍ റാനിയേരി ഗുവേറ ഇറ്റാലിയന്‍ ടി.വി പരിപാടിയായ അഗോറയില്‍ പറഞ്ഞു.

ഫൈനലില്‍ യുവന്റസിനെ ഷൂട്ടൗട്ടില്‍ 4-2ന് തകര്‍ത്തായിരുന്നു നാപോളി കോപ ഇറ്റാലിയ കിരീടം നേടിയത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് റോമിലെ അടച്ചിട്ട എസ്റ്റാഡിയോ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. നാപോളിയുടെ ആറാം കോപ ഇറ്റാലിയ കിരീടമാണിത്. 2014ലായിരുന്നു ഇവര്‍ അവസാനമായി കോപ ഇറ്റാലിയ നേടിയത്.

അറ്റ്‌ലാന്റ - വലന്‍സിയ ചാമ്പ്യന്‍സ് ലീഗ് മത്സരമാണ് ഇറ്റലിയില്‍ ഇത്രവലിയ കോവിഡ് വ്യാപനത്തിനിടയാക്കിയതെന്ന വിമര്‍ശങ്ങളുണ്ടായിരുന്നു. ഈ വിവാദങ്ങള്‍ കെട്ടടങ്ങും മുമ്പാണ് മറ്റൊരു ഫുട്‌ബോള്‍ മത്സരം കൂടി ഇറ്റലിയില്‍ കോവിഡ് ആശങ്കക്ക് കാരണമായിരിക്കുന്നത്. ഇക്കാര്യവും ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഓര്‍മ്മിപ്പിച്ചു.

TAGS :

Next Story