Quantcast

ബാഴ്‌സലോണക്ക് സമനില, റയലിന് മുന്നില്‍ സുവര്‍ണ്ണാവസരം

ലാലിഗ പോയിന്റ് പട്ടികയില്‍ പതിനാറാമതെങ്കിലും ബാഴ്‌സലോണയെ വിറപ്പിച്ച ശേഷമാണ് സമനിലയെങ്കിലും(2-2) സെല്‍റ്റാ വിഗോ വഴങ്ങിയത്...

MediaOne Logo

  • Published:

    28 Jun 2020 3:25 AM GMT

ബാഴ്‌സലോണക്ക് സമനില, റയലിന് മുന്നില്‍ സുവര്‍ണ്ണാവസരം
X

സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്തിനായി പോരാടുന്ന ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും സമനില പോലും വന്‍ തോല്‍വിയാണ്. രണ്ട് തവണ മുന്നില്‍ വന്നിട്ടും സെല്‍റ്റാ വിഗോക്കെതിരെ സമനില(2-2) വഴങ്ങിയതോടെ ബാഴ്‌സലോണയുടെ കിരീട സാധ്യതകള്‍ക്ക് മങ്ങലേറ്റു. എസ്പാനിയോളിനെതിരായ ഞായറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ റയല്‍ മാഡ്രിഡിന് രണ്ട് പോയിന്റ് മുന്‍തൂക്കത്തില്‍ മുന്നിലെത്താനാകും.

ലാലിഗ പോയിന്റ് പട്ടികയില്‍ പതിനാറാമതെങ്കിലും ബാഴ്‌സലോണയെ വിറപ്പിച്ച ശേഷമാണ് സമനിലയെങ്കിലും സെല്‍റ്റാ വിഗോ വഴങ്ങിയത്. 20, 60 മിനുറ്റുകളില്‍ ലൂയി സുവാരസിലൂടെയാണ് ബാഴ്‌സലോണ മുന്നിലെത്തിയത്.

എഴുന്നൂറാം ഗോള്‍ നേടനായില്ലെങ്കിലും സുവാരസിന്റെ രണ്ട് ഗോളിന് പിന്നിലും മെസിയുടെ കാല്‍സ്പര്‍ശമുണ്ടായിരുന്നു. ഫ്രീകിക്ക് സുവാരസിന്‍റെ തലയിലേക്ക് വഴിതിരിച്ചായിരുന്നു അതില്‍ ആദ്യത്തേത്. ബോക്സില്‍ വെച്ച് മെസി മറിച്ചുകൊടുത്ത പന്ത് വട്ടം കറങ്ങി അടിച്ചാണ് രണ്ടാം ഗോള്‍ സുവാരസ് വലയിലാക്കിയത്.

50ാം മിനിറ്റില്‍ ഫ്യോദോര്‍ സ്‌മോളോവിലൂടെ ആദ്യ ഗോള്‍ തിരിച്ചടിച്ച സെല്‍റ്റാവിഗോ നിശ്ചിതസമയം തീരാന്‍ രണ്ടു മിനുറ്റ് മാത്രം ബാക്കിയിരിക്കെ ലാഗോ അസ്പാസിലൂടെ സമനില പിടിച്ചു. രണ്ടാംപകുതിയുടെ പരിക്ക്‌സമയത്ത് ഗോളി ടെര്‍ സ്റ്റെഗന്റെ രക്ഷപ്പെടുത്തലുകളില്ലായിരുന്നെങ്കില്‍ ബാഴ്‌സലോണ തോറ്റുപോയേനെ.

സമനിലയോടെ ലാലിഗ പോയന്റ് പട്ടികയില്‍ 32 കളികളില്‍ 69 പോയന്റുമായി ബാഴ്‌സലോണ മുന്നിലെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് ഇന്നത്തെ മത്സരം ജയിക്കാനായാല്‍ ബാഴ്‌സയെ മറികടന്ന് മുന്നേറാം.

TAGS :

Next Story