Quantcast

പ്രീമിയർ ലീഗിൽ തകർന്നടിഞ്ഞ് ലിവർപൂൾ; ആസ്റ്റൻ വില്ലയോട് തോറ്റത് 7-2 ന്

നേരത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ ആറ് ഗോളിന് മാഞ്ചസ്റ്റർ യുനൈറ്റഡ് ടോട്ടനം ഹോട്സ്പറിനോട് തോറ്റിരുന്നു

MediaOne Logo

  • Published:

    4 Oct 2020 9:35 PM GMT

പ്രീമിയർ ലീഗിൽ തകർന്നടിഞ്ഞ് ലിവർപൂൾ; ആസ്റ്റൻ വില്ലയോട് തോറ്റത്  7-2 ന്
X

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി. ആസ്റ്റൻവില്ലയെ അവരുടെ തട്ടകത്തിൽ നേരിട്ട യുർഗൻ ക്ലോപ്പിന്റെ സംഘം രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് അടിയറവ് പറഞ്ഞത്. മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്പർ മാഞ്ചസ്റ്റർ യുനൈറ്റഡിനെ 6-1 ന് തകർത്തു.

ഹാട്രിക് ഗോളുകളോടെ ഒല്ലി വാറ്റ്കിൻസും ഇരട്ട ഗോളുകളുമായി ജാക്ക് ഗ്രീലിഷും തിളങ്ങിയ മത്സരത്തിൽ ലിവർപൂളിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. 4-ാം മിനുട്ടിൽ ലിവർപൂൾ ഗോൾകീപ്പർ ആഡ്രിയന്റെ പിഴവിൽ നിന്നാണ് വാറ്റ്കിൻസിന്റെ ആദ്യഗോൾ വരുന്നത്. 22-ാം മിനുട്ടിൽ കേളികേട്ട ലിവർ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി വാറ്റ്കിൻസ് രണ്ടാം ഗോളും നേടി. 33-ാം മിനുട്ടിൽ മുഹമ്മദ് സലാഹ് ഗോളടിച്ചപ്പോൾ ലിവർപൂൾ കളിയിലേക്ക് തിരിച്ചുവരികയാണെന്ന് തോന്നിച്ചെങ്കിലും സന്ദർശകരുടെ പ്രതീക്ഷകൾക്ക് അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. 35-ാം മിനുട്ടിൽ മക്ഗിന്നിന്റെ വോളി, വിർജിൽ വാൻഡൈക്കിന്റെ കാലിൽ തട്ടി വഴിമാറി വലയിലെത്തി. 39-ാം മിനുട്ടിൽ വാറ്റ്കിൻസ് ഹാട്രിക് പൂർത്തിയാക്കിയതോടെ ഇടവേളക്ക് പിരിയുമ്പോൾ ചാമ്പ്യന്മാർ 4-1 ന് പിറകിലായിരുന്നു.

രണ്ടാം പകുതിയിലും ലിവർപൂളിന് മികവ് പുലർത്താനായില്ല. 55-ാം മിനുട്ടിൽ ഗ്രീലിഷിന്റെ പാസിൽ നിന്നുള്ള റോസ് ബാർക്ലിയുടെ ഷോട്ട് അലക്‌സാണ്ടർ അർനോൾഡിന്റെ ബൂട്ടിൽ തട്ടി വലയിലെത്തി. 60-ാം മിനുട്ടിൽ സലാഹ് തന്റെ രണ്ടാം ഗോൾ നേടിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. 66-ാം മിനുട്ടിലും 75-ാം മിനുട്ടിലും ഗ്രീലിഷ് കൂടി ലക്ഷ്യം കണ്ടതോടെ ലിവർപൂളിന്റെ ദുരന്തം പൂർത്തിയായി.

നേരത്തെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ ഒന്നിനെതിരെ ആറ് ഗോളിനാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് തോൽവിയറിഞ്ഞത്. 2-ാം മിനുട്ടിൽ പെനാൽട്ടിയിലൂടെ ബ്രൂണോ ഫെർണാണ്ടസ് ആതിഥേയരെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് കണ്ടത് ഹോസെ മൗറിഞ്ഞോ പരിശീലിപ്പിക്കുന്ന സ്പർസിന്റെ അഴിഞ്ഞാട്ടമായിരുന്നു. ഹ്യുങ് മിൻ സോൻ, ഹാരി കെയ്ൻ എന്നിവരുടെ ഇരട്ടഗോളുകളും എൻഡൊംബലെ, ഓറിയർ എന്നിവരുടെ ഗോളുകളും ടോട്ടനത്തിന് മികച്ച വിജയമൊരുക്കി.

കളിച്ച നാല് മത്സരങ്ങളിൽ എല്ലാം ജയിച്ച എവർട്ടൻ ആണ് പ്രീമിയർ ലീഗിൽ ലീഡ് ചെയ്യുന്നത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച ആസ്റ്റൻവില്ല രണ്ടാം സ്ഥാനത്തുണ്ട്. നാല് കളിയിൽ നിന്ന് ഒമ്പത് പോയിന്റോടെ ലെസ്റ്റർ, ആർസനൽ, ലിവർപൂൾ ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

TAGS :

Next Story