അബൂദബിയിൽ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ പി.സി.ആര്‍ പരിശോധന നിർബന്ധം
12 വയസിന് മേൽ പ്രായമുള്ള വിദ്യാർഥികൾ നിശ്ചിത കാലയളവിൽ തുടർച്ചയായി പരിശോധനക്ക് വിധേയമാകണം

അബൂദബിയിൽ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ പി.സി.ആര്‍ പരിശോധന നിർബന്ധമാക്കി. 12 വയസിന് മേൽ പ്രായമുള്ള വിദ്യാർഥികൾ നിശ്ചിത കാലയളവിൽ തുടർച്ചയായി പരിശോധനക്ക് വിധേയമാകണം. സ്കൂളിൽ പ്രവേശിക്കാൻ രക്ഷിതാക്കൾക്കും പി.സി.ആർ ഫലം നിർബന്ധമാകും.
സ്കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളിൽ വിദ്യാർഥികൾക്ക് പി.സി.ആർ പരിശോധന സൗജന്യമായിരിക്കും. മറ്റു കേന്ദ്രങ്ങളിൽ പരിശോധനക്ക് പണം നൽകേണ്ടിവരും. സ്കൂളിന് അനുവദിച്ച കേന്ദ്രം ഏതാണെന്ന് അറിയാൻ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഭിന്നശേഷിക്കാരായി വിദ്യാർഥികൾക്ക് പരിശോധന ആവശ്യമില്ല. അധ്യാപകർ 14 ദിവസം കൂടുമ്പോൾ പരിശോധന നടത്തണം. സ്കൂളിൽ പ്രവേശിക്കണമെങ്കിൽ രക്ഷിതാക്കൾ 96 മണിക്കൂറിനുള്ളിലെ പി. സി.ആർ പരിശോധനയിൽ നെഗറ്റീവ് ആയിരിക്കണമെന്നും അഡെക്കിന്‍റെ നിർദേശത്തിൽ പറയുന്നു. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മാസ്ക് നിർബന്ധമായിരിക്കും. വിദ്യാർഥികൾക്കിടയിൽ ഒന്നര മീറ്റർ അകലവും വേണം.
വിദേശയാത്ര കഴിഞ്ഞുവരുന്ന വിദ്യാർഥികൾക്ക് നിലവിൽ വിദേശത്ത് നിന്ന് എത്തുന്നവർക്കുള്ള നിബന്ധനകൾ ബാധകമായിരിക്കും. മാറാരോഗികളായ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ സ്കൂളിലേക്ക് വരുന്നുണ്ടെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒപ്പം കോവിഡ് വെല്ലുവിളികളെ കുറിച്ച് ബോധവാനാണ് എന്ന സത്യവാങ്മൂലവും സമർപ്പിക്കണം. വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ അവസരമുണ്ടെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

