ഇന്ധന വിലവര്‍ധന; രണ്ടര ലിറ്റര്‍ പെട്രോളും ഡീസലും സൗജന്യമായി നല്‍കി യുവാവിന്‍റെ പ്രതിഷേധം
ആദ്യം ഓട്ടോ തൊഴിലാളികള്‍ക്ക് സൗജന്യമായി ഇന്ധനം അനുവദിച്ച നിക്ക് വ്ളോഗ്സ് പിന്നീട് ഇരുചക്രവാഹനങ്ങള്‍ക്കും ഇന്ധനം സൗജന്യമാക്കി

ഇന്ധന വിലവര്‍ധനക്കെതിരെ നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോളും ഡീസലും നല്‍കി യുവാവിന്‍റെ പ്രതിഷേധം. ആലപ്പുഴ കാട്ടൂരിലാണ് നിക്ക് വ്ളോഗ്സ് എന്ന് യൂ ട്യൂബര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി സൗജന്യമായി പെട്രോളും ഡീസലും നല്‍കിയത്. ആദ്യം ഓട്ടോ തൊഴിലാളികള്‍ക്ക് സൗജന്യമായി ഇന്ധനം അനുവദിച്ച നിക്ക് വ്ളോഗ്സ് പിന്നീട് ഇരുചക്രവാഹനങ്ങള്‍ക്കും ഇന്ധനം സൗജന്യമാക്കി. രണ്ടു തവണ സൗജന്യ ഇന്ധനം വാങ്ങുന്നത് തടയുന്നതിനും എല്ലാവര്‍ക്കും ഇന്ധനം ലഭ്യമാക്കാനും വാഹനങ്ങളുടെ നമ്പര്‍ അടക്കമുള്ളവ രേഖപ്പെടുത്തിയാണ് പെട്രോളും ഡീസലും നല്‍കിയത്.
ആലപ്പുഴ ജില്ലയിലെ പ്രാദേശിക ഓട്ടോ തൊഴിലാളികള്‍ക്ക് സൗജന്യമായി തണ്ണിമത്തന്‍ ജ്യൂസ് നല്‍കവെയാണ് ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കിയതെന്നും ഇന്ധന വിലവര്‍ധനയാണ് ഇവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നമെന്ന് മനസ്സിലാക്കിയതെന്നും നിക്ക് പറഞ്ഞു. അതിന് ശേഷം ആദ്യം കുപ്പികളില്‍ ഇന്ധനം നല്‍കാമെന്ന് ആലോചിച്ചു 3000 കുപ്പികള്‍ ശേഖരിച്ചെങ്കിലും അത് പരിസ്ഥിതി സൗഹൃദമല്ലെന്ന് മനസ്സിലാക്കി പിന്നീട് പുനരുപയോഗത്തിന് നല്‍കിയതായി നിക്ക് പറയുന്നു. പിന്നെ കണ്ടെയിനര്‍ ലോറി വഴി നല്‍കാന്‍ ആലോചന നടന്നെങ്കിലും തെരഞ്ഞെടുപ്പ് സമയമായതിനാല്‍ വലിയ തോതിലുള്ള ഇന്ധനം ശേഖരിക്കുന്നതും സൂക്ഷിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് മനസ്സിലാക്കിയതോടെ ആ ശ്രമവും നിക്ക് ഉപേക്ഷിച്ചു. പിന്നീടാണ് പെട്രോള്‍ പമ്പ് വഴി ഇന്ധനം സൗജന്യമായി നല്‍കാന്‍ നിക്ക് തീരുമാനിക്കുന്നത്.
നിക്ക് വ്ളോഗ്സ് ഇന്ധനം സൗജന്യമായി നല്‍കിയതിനെ ഓട്ടോ തൊഴിലാളികളും ബൈക്ക് യാത്രികരും പ്രശംസിച്ചു. ഇന്ധനം സൗജന്യമായി നല്‍കുന്നതിന്‍റെ വീഡിയോയും നിക്ക് തന്‍റെ വ്ളോഗിലൂടെ പുറത്തിറക്കിയിട്ടുണ്ട്.
Adjust Story Font
16

