Quantcast

സൗദിക്കെതിരെ ആക്രമണം ഹൂതികൾ ശക്തമാക്കുമ്പോൾ യമൻ യുദ്ധം എങ്ങോട്ട്; അറിയേണ്ട വിവരങ്ങൾ

വർഷങ്ങളായി തുടരുന്ന യമനിലെ യുദ്ധം നിർണായക ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനിയെന്തെല്ലാം സംഭവിക്കാം?

MediaOne Logo

VM Afthabu Rahman

  • Updated:

    2022-03-26 11:37:30.0

Published:

26 March 2022 11:22 AM GMT

സൗദിക്കെതിരെ ആക്രമണം ഹൂതികൾ ശക്തമാക്കുമ്പോൾ യമൻ യുദ്ധം എങ്ങോട്ട്; അറിയേണ്ട വിവരങ്ങൾ
X

സൗദിയിലെ ജിദ്ദയിലുള്ള എണ്ണ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തിന് പിന്നാലെ എണ്ണവില ബാരലിന് 120 ഡോളർ പിന്നിട്ടു. മിസൈലാക്രമണം സൗദിയിൽ നിന്നുള്ള എണ്ണോത്പാദനത്തേയും സംസ്കരണത്തേയും ബാധിച്ചിട്ടുണ്ട്. ആക്രമണത്തെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു. ഹൂതികൾക്കെതിരെ കടുത്ത സൈനിക നടപടി ഇന്നു മുതൽ സൗദി സഖ്യസേന ആരംഭിച്ചിട്ടുണ്ട്. യമനിലെ ഇതുവരെയുള്ള സ്ഥിതിഗതികൾ പരിശോധിക്കാം

ഇന്നലെ സംഭവിച്ചത്:

ഇന്നലെയാണ് (2022 മാർച്ച് 25) സൗദിയിലെ ജിദ്ദയിലുള്ള അരാംകോക്ക് പ്ലാന്റിന് നേരെ മിസൈലാക്രമണം നടന്നത്. പിന്നീടുണ്ടായ തീപിടുത്തം മണിക്കൂറുകൾക്ക് ശേഷമാണ് അണച്ചത്. മണിക്കൂറുകളോളം ജിദ്ദ നഗരത്തിന് മുകളിൽ കറുത്ത പുക നിലനിന്നു. ഫോർമുല വൺ വേദിയിൽ നിന്നും ഇത് കാണാമായിരുന്നു.


ചിത്രം: ഇന്നലെ ജിദ്ദയിൽ നടന്ന ആക്രമണത്തിൻ്റെ ദൃശ്യം (എഎഫ്‍പി)

മിസൈൽ പതിച്ചതോടെ സ്ഫോടന സമാനമായ രീതിയിൽ പുകയും തീയും ഉയരുകയായിരുന്നു. ജിദ്ദയിൽ നടക്കുന്ന ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ഷെഡ്യൂളിൽ മാറ്റമില്ലെന്ന് സംഘാടകർ അറിയിച്ചു.

എണ്ണ വിലയും പ്ലാൻ്റിലെ സ്ഥിതിയും:

ആക്രമണത്തെ തുടർന്ന് അരാംകോയുടെ പ്ലാന്റിൽ നിന്നുള്ള വിതരണം, സംസ്കരണം എന്നിവയെ ആക്രമണം ബാധിച്ചതായി സൗദി അറിയിച്ചു. ഇതേ തുടർന്ന് വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതിയിലാണ് എണ്ണ വില ഒരു ശതമാനം വർധിച്ചത്. ഇതോടെ ആഗോള വിപണിയിൽ എണ്ണ വില വീണ്ടും 120 ഡോളർ പിന്നിട്ടു. ജിസാനിലെ സാംത, റിയാദ്, റാസ്തനൂറ, നജ്റാൻ എന്നിവിടങ്ങളിലേക്കും ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടിരുന്നു. ഇന്നലെ മാത്രം 19 മിസൈലുകളും ഡ്രോണുകളുമാണ് സൗദിയിലെത്തിയത്.

യമൻ സമാധാന ചർച്ച നാളെ:

നാളെ മുതൽ (2022 മാർച്ച് 27) സൗദിയിൽ പത്ത് ദിനം നീളുന്ന യമൻ സമാധാന ചർച്ച നടക്കുന്നുണ്ട്. ജിസിസി കൗൺസിലിന് കീഴിലാണ് യോഗം. ഇതിലേക്കുള്ള ക്ഷണം ഹൂതികൾ നിരസിച്ചിരുന്നു. യമനിലെ യുദ്ധത്തിൽ ഇടപെട്ട സഖ്യസേന ഹൂതികൾക്കെതിരായ സൈനിക നടപടി തുടരുകയാണ്. യമനിൽ നിലവിൽ നിർണായക സ്വാധീനമുള്ള ഹൂതികൾക്ക് നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ഇവർ പങ്കെടുക്കാതിരുന്നാൽ യോഗത്തിൽ എന്തു തീരുമാനമുണ്ടാകും എന്നതും കാത്തിരുന്ന് കാണണം.

ആരാണ് ഹൂതികൾ, എന്താണവരുടെ ആവശ്യം:

യമനിലെ ഷിയാ സൈദി വിഭാഗത്തിൽ പെട്ട ഹുസൈൻ അൽ ഹൂതി എന്ന നേതാവിന്റെ പേരിൽ നിന്നാണ് ഹൂതികൾ ആ പേര് സ്വീകരിക്കുന്നത്. ഇദ്ദേഹം സ്ഥാപിച്ച സംഘമാണ് പിന്നീട് 1990ന്റെ പകുതിയിൽ ഹൂതികളായി രൂപാന്തരം പ്രാപിച്ചത്. യമനിൽ ഹൂതികൾ ന്യൂനപക്ഷമായിരുന്നു. 2004 മുതൽ ഇവർ സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്.


ചിത്രം: യമനിലെ ഹൂതികൾ

20 കൊല്ലത്തെ ഏകാധിപത്യ ഭരണം യമനിൽ അവസാനിപ്പിക്കാനുള്ള പ്രക്ഷോഭത്തിനും ഇവർ മുന്നിൽ നിന്നു. സർക്കാർ ഭരണത്തിൽ ന്യൂനപക്ഷമെന്ന നിലക്കുള്ള പ്രാതിനിധ്യം, വടക്കൻ യെമനിലെ ഹൂതി മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഇന്ധന വിലയിളവ് വെട്ടിക്കുറച്ച നടപടി റദ്ദാക്കുക, കരട് രൂപപ്പെട്ട യമൻ ഭരണഘടനയിൽ ഹൂതികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭാഗം ചേർക്കുക എന്നിവയായിരുന്നു ആദ്യ ആവശ്യങ്ങൾ.

ഹൂതികളുടെ വളർച്ച:

ദാരിദ്ര്യ നിരക്ക് 2012ൽ 54.5 ശതമാനത്തിലെത്തിലായിരുന്നു യമനിൽ. അതായത് 45% യമനികളും വേണ്ടത്ര ഭക്ഷണം ലഭിക്കാത്തവർ. ഇതോടെ പലരും സൗദിയുൾപ്പെടെ സമീപ രാജ്യങ്ങളിലേക്ക് കുടിയേറി. അഴിമതിയിൽ മുങ്ങിയ യമനിൽ ഇതോടെ വിമത കക്ഷികൾ വളർന്നു.


പലതും സായുധമായി കരുത്തുള്ളതായി. അഴിമതി ഭരണത്തേക്കാൾ ജനങ്ങൾ ഇവയെ പിന്തുണക്കാൻ തുടങ്ങി. യമനിലെ ഹൂതികളും തെക്കൻ വിഭജനവാദികളും മറ്റു തീവ്ര ഗ്രൂപ്പുകളും വളരുന്നത് അങ്ങിനെയാണ്.

എങ്ങനെയാണ് യുദ്ധം ആരംഭിച്ചത്?

2011ലെ അറബ് വസന്തത്തോടെ യമനിലെ ദീർഘകാല സ്വേച്ഛാധിപത്യ പ്രസിഡന്റായ അലി അബ്ദുള്ള സാലിഹ് ഭരണത്തിൽ നിന്നും പിന്മാറി. തുടർന്നു വന്നത് സാലിഹിന്റെ ഉപ മന്ത്രിയായിരുന്ന അബ്ദു റബ്ബ് മൻസൂർ ഹാദിയാണ്. എന്നാൽ ആഭ്യന്തര പ്രശ്നവും സാന്പത്തിക സ്ഥിതിയും ഗുരുതരമായതോടെ കലാപമായി. യമനിലെ സൈദി ഷിയാ വിഭാഗമായ സായുധ സംഘമാണ് ഹൂതികൾ. അൻസാറുള്ളാഹ് എന്നും ഇവരെ വിളിക്കുന്നു. ഇവർ അലി അബ്ദുള്ള സാലിഹിനെ തന്നെ പ്രസിഡണ്ടാക്കാണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങി. തലസ്ഥാനമായ സൻആയുടെ ഭരണം ഹൂതികൾ പിടിച്ചെടുത്തു. ഇതോടെ 2015ൽ ഹാദി സൗദിയിൽ അഭയം തേടി. ഇന്നും അദ്ദേഹം സൗദിയിൽ തുടരുന്നുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂതികളെ പ്രതിരോധിച്ച് ഹാദിയെ തന്നെ പ്രസിഡണ്ടാക്കാൻ വേണ്ടി സൗദി നടത്തിയ ഇടപെടലിൽ ജിസിസി രാജ്യങ്ങളടക്കം പങ്കാളികളായി.

ഏതൊക്കെ രാജ്യങ്ങളായിരുന്നു യമൻ യുദ്ധത്തിൽ ഇടപെട്ടത്:

യമൻ സൈന്യത്തെ സഹായിക്കാൻ സൗദിക്കൊപ്പം ഭൂരിഭാഗം അറബ് രാജ്യങ്ങളടക്കം 34 രാജ്യങ്ങളാണ് പങ്കാളികളായത്. ഇതിൽ 60 ശതമാനവും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയിലെ അംഗങ്ങളയിരുന്നു. നിലവിൽ 41 രാജ്യങ്ങൾ സഖ്യത്തിലുണ്ട്. യുഎഇ, ഈജിപ്ത്. കുവൈത്ത്, ജോർദാൻ, തുർക്കി, പാകിസ്താൻ, തുനീഷ്യ, സുഡാൻ, ഒമാൻ, ഖത്തർ, നൈജീരിയ, മൊറോക്കോ, മാലിദീപ്, മലേഷ്യ, ലിബിയ തുടങ്ങിവർ യുദ്ധത്തിൽ പങ്കാളികളാണ്. 2019ൽ യുഎഇയും ഖത്തറും അവരുടെ സൈന്യത്തെ പിൻവലിച്ചിരുന്നു. സഖ്യത്തിന് യുഎസ്, യുകെ, ഫ്രാൻസ്, ചൈന, ജർമനി എന്നിവിടങ്ങളിൽ നിന്ന് ലോജിസ്റ്റിക്, ഇന്റലിജൻസ് പിന്തുണ ലഭിച്ചു. പുതിയ യുഎസ് ഭരണകൂടം സൗദിയോട് അടുത്ത ബന്ധം പുലർത്തുന്നില്ല. അത് തങ്ങൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ഇതിനോട് സൗദി കിരീടാവകാശിയുടെ പ്രതികരണം. ഇതിനിടയിലും സൗദിക്ക് പ്രതിരോധത്തിനുള്ള ആയുധങ്ങൾ നൽകാൻ യുഎസ് കോൺഗ്രസ് തീരുമാനിച്ചിരുന്നു. മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് സൗദി.

സൗദി ഇടപെടലിന് ശേഷം എന്താണ് സംഭവിച്ചത്?

2015 ഓഗസ്റ്റിൽ തുറമുഖ നഗരമായ ഏദനിൽ ഇറങ്ങിയ സഖ്യസേനയുടെ കരസേന ഹൂതികളെ തെക്കൻ യെമനിൽ നിന്ന് തുരത്തി. എന്നിരുന്നാലും, അവർക്ക് അവരെ സൻആയിൽ നിന്നോ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നിന്നോ പുറത്താക്കാൻ കഴിഞ്ഞില്ല. ഹൂത്തികൾ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഭരിക്കാൻ ഒരു "രാഷ്ട്രീയ സമിതി" രൂപീകരിക്കാൻ ഒരുങ്ങി. ഇതിനായി യമനിൽ പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹുമായി സഖ്യമുണ്ടാക്കി. എന്നാൽ, 2017 ഡിസംബറിൽ സലാഹ് ഹൂതികളുമായി ബന്ധം വേർപെടുത്തുകയും അവരോട് പോരാടാൻ തന്റെ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. പിന്നാലെ ഹൂതികളാൽ സാലിഹ് കൊല്ലപ്പെട്ടു.


ചിത്രം: അലി അബ്ദുള്ള സാലിഹ്, യമൻ്റെ മുൻ പ്രസിഡണ്ട്. ഇരുപത് വർഷത്തോളം രാജ്യം ഭരിച്ചു. ഹൂതികളാൽ കൊല്ലപ്പെട്ടു.

ഹൂതികൾ സലാഹിന്റെ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. 2018ൽ സാലിഹിന്റെ വിശ്വസ്തർ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നു. ചെങ്കടൽ നഗരമായ ഹുദൈദ തിരിച്ചുപിടിക്കാൻ അവർ ഒരുമിച്ച് ഹൂതികൾക്കെതിരെ വലിയ ആക്രമണം നടത്തി. പട്ടിണിയുടെ ഭീഷണി നേരിടുന്ന ദശലക്ഷക്കണക്കിന് യെമനികളുടെ പ്രധാന ജീവനാഡിയാണ് ഇതിന്റെ തുറമുഖം. ആറ് മാസത്തെ ഘോര പോരാട്ടത്തിനൊടുവിൽ ഇരുപക്ഷവും വെടിനിർത്തലിന് സമ്മതിച്ചു. 2021-ൽ, ഗവൺമെന്റിന്റെ വടക്ക് ഭാഗത്തുള്ള അവസാന ശക്തികേന്ദ്രവും എണ്ണ സമ്പന്നമായ പ്രവിശ്യയുടെ കേന്ദ്രവുമായ മാരിബിൽ ഹൂതികൾ ആക്രമണം ആരംഭിച്ചു. അവിടെയുള്ള പോരാട്ടം കാരണം ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്തിട്ടുണ്ടെന്നും രണ്ട് ദശലക്ഷം സാധാരണക്കാർ അപകടത്തിലാണെന്നും യുഎൻ മുന്നറിയിപ്പ് നൽകി.

ഇന്ന് എന്താണ് യുദ്ധഗതി?

മുൻപ് രണ്ട് രാജ്യമായിരുന്നു യമൻ. വടക്കൻ യമനും തെക്കൻ യമനും. ഇത് രണ്ട് രാജ്യമായി നില നിൽക്കണമെന്നതാണ് യുഎഇയുടെ താൽപര്യം. ഇവിടെയുള്ള തെക്കൻ വിഭജന വാദികൾക്ക് യുഎഇ പിന്തുണയുണ്ട്. സൗദിക്ക് ഇവിടുത്തെ പ്രശ്നം കാരണം തങ്ങളുടെ രാജ്യത്തെ ബാധിക്കുമെന്ന ഭയവുമാണ്. ഹൂതികൾക്ക് ഇറാൻ പിന്തുണയുള്ളതും സൗദി സുരക്ഷാ പ്രശ്നമായി കണ്ടു. 2014 മുതൽ ആഭ്യന്തര യുദ്ധം കനത്തതോടെ യുദ്ധം മൂന്ന് ഭാഗമായി മാറി. യമൻ ഭരണകൂടത്തിന്റെ പ്രധാന എതിരാളികൾ ഹൂതികളായിരുന്നു. ഇവർ തലസ്ഥാനമായ സൻആ കയ്യടക്കി. ഇതോടെ യമൻ ഭരണകൂടം ഏദൻ തലസ്ഥാനമാക്കി. ഏദൻ വൈകാതെ തെക്കൻ വിഭജന വാദികളും പിടിച്ചെടുത്തു. ഇതോടെ ഹൂതികൾക്കെതിരായ നീക്കം ദുർബലമായി. പല ഭാഗങ്ങളും ഹൂതികൾ ബലം പ്രയോഗിച്ചും ഇറാൻ പിന്തുണയോടെയും ആയുധങ്ങളുടെ പിൻബലത്തോടെയും പിടിച്ചെടുത്തു. ഇറാൻ നിർമിത മിസൈലുകളും ഡ്രോണുകളുമാണ് സൗദിയിലേക്ക് ഹൂതികൾ അയക്കുന്നുവെന്നത് കാര്യങ്ങൾ സങ്കീർണമാക്കുന്നു. എണ്ണേതര വരുമാനം ലക്ഷ്യം വെക്കുന്ന സൗദിക്ക് യുദ്ധം അവസാനിപ്പിക്കണം. ഇതിനുള്ള വഴികളെല്ലാം തേടുകയും ചെയ്തു. എന്നാൽ ഹൂതികൾ മാത്രം ചർച്ചക്ക് സന്നദ്ധമായില്ല. ഇതിനാൽ ഏറ്റുമുട്ടൽ പെട്ടെന്നടങ്ങാനും സാധ്യതയില്ല.

യുദ്ധത്തിലെ മരണ നിരക്ക്:

യമനിലെ സംഘർഷം ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചതായി ഐക്യരാഷ്ട്രസഭ പറയുന്നു. രണ്ട് ലക്ഷത്തിലേറെ പേർ നിലവിൽ മരിച്ചു. പലരും യുദ്ധക്കെടുതിൽ ചികിത്സയിൽ തുടരുന്നു. ഔദ്യോഗിക കണക്കുകളിൽ തന്നെ വൈരുദ്ധ്യങ്ങളുമുണ്ട്. യുഎൻ കണക്ക് പ്രകാരം 24.1 ദശലക്ഷം ആളുകൾ, അതായത് ജനസംഖ്യയുടെ 80% പേരും ഭക്ഷ്യ സഹായത്തിനായി തേടുന്നവരാണ്. വരും മാസങ്ങളിൽ 19 ദശലക്ഷം യെമനികൾ പട്ടിണിയിലാകുമെന്ന് പ്രവചിക്കുന്നു, അവരിൽ 160,000ത്തിലധികം പേർ പട്ടിണി പോലുള്ള അവസ്ഥകൾ അഭിമുഖീകരിക്കും.



ചിത്രം: യമനിലെ സൻആ

ഉക്രെയ്നിൽ നിന്നുള്ള ഗോതമ്പിന്റെ ലഭ്യത കുറയുന്നത്, അവിടെയുള്ള നിലവിലെ യുദ്ധം മൂലം, യമനിലെ പട്ടിണിയുടെ തോത് കൂടുതൽ ഉയർത്താൻ സാധ്യതയുണ്ടെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. 2021 അവസാനത്തോടെ, യെമനിലെ സംഘർഷം 377,000-ലധികം മരണങ്ങൾക്ക് കാരണമാകുമെന്ന് യുഎൻ കണക്കാക്കുന്നു, അതിൽ 60% പട്ടിണി, ആരോഗ്യ സംരക്ഷണത്തിന്റെ അഭാവം, സുരക്ഷിതമല്ലാത്ത വെള്ളം എന്നിവയുടെ ഫലമാണ്. പോരാട്ടത്തിന്റെ നേരിട്ടുള്ള ഫലമായി 10,200ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തു. 2016 മുതൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കോളറ പൊട്ടിപ്പുറപ്പെട്ട ഒന്നാണ് യമൻ, 2.5 ദശലക്ഷം സംശയാസ്പദമായ കേസുകളും 4,000 അനുബന്ധ മരണങ്ങളും ഉണ്ടായിട്ടുണ്ട്.

നിലവിലെ യമൻ ഭരണത്തിലെ സ്ഥിതി:

ഇപ്പോൾ സൗദി നേതൃത്വത്തിലുള്ള ശ്രമ ഫലമായി തെക്കൻ വിഭജന വാദികളും യമൻ ഭരണകൂടവും കരാർ ഒപ്പു വെച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ടു കൂട്ടർക്കും 12 വീതം മന്ത്രിസ്ഥാനം നൽകി പുതിയ മന്ത്രിസഭ രൂപീകരിച്ചു. ഇരു കൂട്ടരുടേയും സൈന്യവും ലയിപ്പിച്ചു. മോയൻ അബ്ദുൽ മാലികാണ് പ്രധാനമന്ത്രി.


ചിത്രം: തെക്കൻ വിഭജന വാദികൾ

ഇനി, ഭരണ അട്ടിമറിക്ക് ശ്രമിക്കുന്ന ഹൂതി വിമതർക്കെതിരെ നീക്കം ശക്തമാക്കാനാണ് ശ്രമം. യമന്റെ പ്രധാന ഭാഗങ്ങളെല്ലാം നിലവിൽ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇതിനാൽ തന്നെ ഇനിയുള്ള ഭരണ നീക്കങ്ങളും ലോക ശ്രദ്ധ നേടും. പുതിയ സാഹചര്യത്തിൽ യമൻ ഭരണകൂടത്തിന് ഹൂതികളെ നേരിടാം. ഇതിനാണെങ്കിൽ സഖ്യസേനാ പിന്തുണയുമുണ്ട്.

സൗദിക്കെതിരായ ആക്രമണം:

യമനിലെ ആഭ്യന്തര സംഘർഷം ഏറ്റവും ബാധിച്ചത് സൗദിയേയാണ്. യമനിലെ അസ്ഥിരതയിൽ ഹൂതികൾക്ക് പിന്തുണയുമായി ഇറാനെത്തി. ഇറാനാണ് ഹൂതികൾക്ക് ആയുധം കൈമാറുന്നതിൽ വലിയ പങ്കു വഹിക്കുന്നത്. ഇതിന്റെ തെളിവുകൾ സഖ്യസേന പുറത്ത് വിട്ടിരുന്നു. സൗദിയിൽ പതിക്കുന്ന മിസൈൽ, ഡ്രോൺ എന്നിവയുടെയെല്ലാം കോഡ് പ്രകാരം നിർമാണം ഇറാനിലാണെന്ന് കണ്ടെത്തിയിരുന്നു. ഹൂതികളുടെ തുടർച്ചയായുള്ള മിസൈലാക്രമണം സൗദിയിലെ തന്ത്ര പ്രധാന എണ്ണ കേന്ദ്രങ്ങളിലായിരുന്നു. ഇതോടെ കടുത്ത പ്രത്യാക്രമണം സൗദി യമനിൽ നടത്തി. യുദ്ധത്തിന്റെ ഭാഗമായുള്ള മുന്നറിയിപ്പും ജനങ്ങൾക്ക് മാറുവാനുമുള്ള മുന്നറിയിപ്പും നൽകി യമനിലെ ഹൂതി കേന്ദ്രങ്ങൾ തകർത്തു. ഇതിന്നും തുടരുന്നുണ്ട്. ഇതിനിടയിലാണ് സൗദിയിലേക്ക് മിസൈലുകളെത്തുന്നതും.

യമൻ്റെ ഭാവിയും സമാധാന ചർച്ചയും:

നിലവിൽ യമനിലെ പ്രധാന തുറമുഖങ്ങളും തലസ്ഥാനമായിരുന്ന സൻആയും വിമാനത്താവളവും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ചർച്ചക്കായി നാളെ സൗദിയിലേക്ക് ഹൂതികൾ എത്തില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഹൂതികളുമായി ബന്ധമുള്ള ഒമാൻ ഭരണകൂടത്തിന്റെ പ്രതിനിധി സംഘം ഈ മാസം സൻആയിൽ എത്തിയിരുന്നു. യുഎൻ ദൂതൻ മാർട്ടിൻ ഗ്രിഫിത്തിന്റെ നിർദേശ പ്രകാരമായിരുന്നു അത്. ഹൂതികളുമായി മികച്ച ബന്ധമുള്ള ഇറാനും ഒമാനും ഇടപെട്ടാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂ. നിലവിൽ യമനിൽ രണ്ട് കക്ഷികളാണ് നേർക്കുനേർ നിൽക്കുന്നത്. യമൻ ഭരണകൂടവും ഹൂതികളും. ഹൂതികൾ ഇനിയും ചർച്ചക്ക് സന്നദ്ധമാകാതിരുന്നാൽ വൻ ഏറ്റുമുട്ടലിലേക്കത് വഴിമാറും. യമനിലെ മറ്റൊരു പ്രധാന കക്ഷിയായ തെക്കൻ വിഭജന വാദികൾ സർക്കാറിനൊപ്പം ഭരണം പങ്കിടുന്നുണ്ട്. ഇതിനാൽ ഹൂതികളെ നേരിടൽ സൗദിക്ക് എളുപ്പമാണ്. പക്ഷേ തന്ത്രപ്രധാന മേഖലകളിലേക്ക് ഹൂതികൾ ആക്രമണം നടത്തുന്നതിനാൽ വിദേശ സഹായവും സൗദി തേടുന്നുണ്ട്.

എണ്ണ വിലയും സൗദിയും:

ഹൂതികൾ തുടരെ സൗദിക്ക് നേരെ നടത്തതുന്ന ആക്രമണത്തിൽ മിക്കവയും എണ്ണ സംഭരണ സംസ്കരണ ഉത്പാദന കേന്ദ്രങ്ങളാണ്. റെക്കോർഡ് വേഗത്തിൽ അവ പുനസ്ഥാപിക്കാനും സൗദിക്കാകുന്നുണ്ട്. എന്നാൽ ഇത് എണ്ണ വിതരണത്തിൽ തടസ്സം സൃഷ്ടിക്കാൻ പാകത്തിലുള്ളതാണ്. അങ്ങിനെ വന്നാൽ വില കൂടും. ഇതാണ് ഇന്ന് യുഎസ് സൗദിക്കെതിരായ യുഎസ് ആക്രമണത്തെ അപലപിക്കാനും കാരണം. ഇന്ന് ഹൂതികളുടെ മിസൈൽ ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾക്ക് നേരെ വ്യാപക ആക്രമണം സൗദി തുടങ്ങിയിട്ടുണ്ട്. യുക്രൈൻ യുദ്ധ സാഹചര്യത്തിനിടെ ഇനിയും എണ്ണ വിതരണ തടസ്സം നേരിട്ടാൽ പിന്തുണയുമായി വിദേശ രാജ്യങ്ങൾ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയും സൗദിക്കുണ്ട്. തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് കഴിഞ്ഞ മാസങ്ങളിൽ വൻ ആൾ നാശമാണ് ഹൂതികൾക്ക് സൗദി അറേബയുണ്ടാക്കിയത്. പതിനായിരത്തിന് മുകളിൽ ഹൂതി സൈനിക വിഭാഗം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇന്നത്തോടെ ഇത് വീണ്ടും ശക്തമാക്കിയിട്ടുണ്ട് സഖ്യസേന. ഇതുവരെ വിളിച്ച സമാധാന ചർച്ചകളിലൊന്നും ഹൂതികൾ പങ്കെടുത്തിട്ടില്ല. ഇതിനാൽ തന്നെ ഹൂതികളോട് വിട്ടു വീഴ്ചക്കും ഇനി സൗദിയും ഇതര ഹൂതി വിരുദ്ധ കക്ഷികളും തയ്യാറാവുകയുമില്ല.

TAGS :

Next Story