Quantcast

ഖത്തര്‍ വ്യാപാരസ്ഥാപനങ്ങളുടെ വാടക ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചു

MediaOne Logo

admin

  • Published:

    23 March 2016 12:49 PM IST

ക്രമാതീതമായി ഉയരുന്ന വ്യാപാരസ്ഥാപനങ്ങളുടെ വാടക പിടിച്ചുനിര്‍ത്താനായി എല്ലാ വാടക കരാറുകളും ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു.

ക്രമാതീതമായി ഉയരുന്ന വ്യാപാരസ്ഥാപനങ്ങളുടെ വാടക പിടിച്ചുനിര്‍ത്താനായി എല്ലാ വാടക കരാറുകളും ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുപ്രകാരം വിവിധ മാളുകളിലുള്ള ഷോപ്പുകള്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം അടുത്തവര്‍ഷം ഫെബ്രുവരി പകുതിവരെ നേരത്തെ നിശ്ചയിച്ച കരാര്‍പ്രകാരമുള്ള വാടക തന്നെ നല്‍കിയാല്‍ മതി.

ഷോപ്പുകളുടെ എണ്ണം കുറഞ്ഞതും വാടക വര്‍ധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വ്യാപാരം നടത്താനായി വാടകക്കും പാട്ടത്തിനുമായി എടുത്തവരുടെ കരാര്‍ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതു ബാധകമുള്ളൂ എന്നും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ക്ക് ബാധകമല്ലെന്നും പ്രമുഖ അഭിഭാഷകന്‍ യൂസുഫ് അല്‍ സമാന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു. 2008ലെ വാടക നിയമം ഖത്തറില്‍ പ്രാബല്യത്തിലുണ്ട്. വിവിധ സ്‌ളാബ് അടിസ്ഥാനത്തില്‍ തരംതിരിച്ച് ഷോപ്പ് വാടക നിശ്ചിത ശതമാനം വര്‍ധിപ്പിക്കാന്‍ എല്ലാ കടയുടമകള്‍ക്കും അവകാശമുണ്ടെന്ന തീരുമാനം മന്ത്രിസഭ നേരത്തെ എടുത്തിരുന്നു.

പ്രഖ്യാപനത്തിന്റെ കാലവധി അടുത്തമാസം പകുതിയോടെ അവസാനിക്കാനിരിക്കെയാണ് നിലവിലെ വാടകനിരക്ക് തന്നെ ഒരുവര്‍ഷത്തേക്ക് തുടരാന്‍ ഷോപ്പുടമകള്‍ക്ക് അനുമതി നല്‍കുന്ന തീരുമാനം ശൂറ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തത്. ഉപദേശക സമിതി ഉന്നതസംഘം രാജ്യത്തെ വാടകനിരക്കുകളെക്കുറിച്ച് പഠനം നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

റീട്ടെയില്‍ രംഗം കരുത്താര്‍ജിക്കാനും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും ഇതുവഴി സാധ്യമാകും. അടുത്ത മാസത്തോടെ കരാര്‍ കാലാവധി അവസാനിക്കുന്ന വാടകപാട്ട കരാറുകള്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകൂ. ഇങ്ങനെയുള്ള കരാറുകള്‍ക്ക് സ്വമേധയാ ഒരുവര്‍ഷത്തിലധികം കാലാവധി ലഭിക്കും. ദീര്‍ഘകാലാവധിക്കായി പാട്ടത്തിന് നല്‍കിയ കരാറുകളെ ഈ തീരുമാനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Next Story