Quantcast

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ തെരഞ്ഞെടുപ്പില്‍ മിലന്‍ അരുണിന്‍റെ പാനലിന് മികച്ച വിജയം

MediaOne Logo

Trainee

  • Published:

    4 Feb 2017 6:33 AM IST

ഐ സി സി അംഗങ്ങളായി 2089 പേരുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ 1013 പേരാണ് വോട്ടുചെയ്യാനെത്തിയത്.

ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ തെരഞ്ഞെടുപ്പില്‍ മിലന്‍ അരുണിന്‍റെ പാനലിന് മികച്ച വിജയം. ഐ സി സി അംഗങ്ങളായി 2089 പേരുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ 1013 പേരാണ് വോട്ടുചെയ്യാനെത്തിയത്.

എംബസിക്കു കീഴിലുള്ള ഖത്തറിലെ വിവിധ ഇന്ത്യന്‍ സംഘടനകളുടെ മേല്‍നോട്ടം വഹിക്കുന്ന ഐ സി സി തെരെഞ്ഞെടുപ്പില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ വളരെ കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2089 ഐ സി സി അംഗങ്ങളില്‍ വെറും 1013 പേര്‍ മാത്രമാണ് വോട്ട് ചെയ്തത്. ഖത്തറിലെ തൊഴില്‍ പ്രതിസന്ധി കാരണം രാജ്യം വിട്ടവരുടെയും പലകാരണങ്ങളാല്‍ അവധിയിലായവരുടെയും വോട്ടുകളാണ് കുറഞ്ഞത്.

മത്സരത്തിനൊടുവില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 863 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷവുമായാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മിലന്‍ അരുണ്‍ തെരെഞ്ഞെടുക്കപ്പെട്ടത്. മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളായി സുരേഷ് കരിയാട്, എ പി മണികണ്‍ഠന്‍, അഡ്വ. ജാഫര്‍ഖാന്‍, ജൂട്ടാസ് പോള്‍, കെ എസ് പ്രസാദ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ഖത്തറിലെ പ്രമുഖ മലയാളി സംഘടനകളുടെ പിന്തുണ ലഭിച്ച മിലന്‍ അരുണ്‍ കര്‍ണാടക സ്വദേശിയാണ്. എതിര്‍ സ്ഥാനാര്‍ത്ഥി മാഹി അസോസിയേഷന്‍ പ്രസിഡന്റ് മന്മഥന്‍ മാമ്പള്ളിക്ക് 107ഉം വിദ്യാ ആര്‍ട്‌സ് സെക്രട്ടറി സജീവ് സത്യശീലന് 31ഉം വോട്ടുകളാണ് ലഭിച്ചത്. പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ 12 വോട്ടുകള്‍ അസാധുവായി. മാനേജ്‌മെന്‍റ് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനത്തേക്ക് മത്സരിച്ച സുധീഷ് 296, സലീം 135, കെ ആര്‍ ജി പിള്ള 136, സൈദലി 97, പത്മ സിംഗ് 65, മന്‍ഥ ശ്രീനിവാസ് 73 എന്നിങ്ങനെ വോട്ടുകള്‍ നേടിയപ്പോള്‍ 26 വോട്ടുകള്‍ അസാധുവായി.

Next Story