കറന്‍സി പ്രതിസന്ധി ട്രാവല്‍ ഓപ്പറേറ്റര്‍മാരെയും കേരളത്തിലേക്കുള്ള അറബ് വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചു

കറന്‍സി പ്രതിസന്ധി ട്രാവല്‍ ഓപ്പറേറ്റര്‍മാരെയും കേരളത്തിലേക്കുള്ള അറബ് വിനോദ സഞ്ചാരികളെയും പ്രതികൂലമായി ബാധിച്ചു
വിമാന ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടായിട്ടും ബിസിനസുകാര്‍ പോലും യാത്ര മാറ്റിവെക്കുകയാണ്

ഇന്ത്യയിലെ കറന്‍സി പ്രതിസന്ധി ഗള്‍ഫിലെ ട്രാവല്‍ ഓപ്പറേറ്റര്‍മാരെയും കേരളത്തിലേക്കുള്ള അറബ് വിനോദ സഞ്ചാരികളെയും കൂടിയാണ് പ്രതികൂലമായി ബാധിച്ചത്. വിമാന ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടായിട്ടും ബിസിനസുകാര്‍ പോലും യാത്ര മാറ്റിവെക്കുകയാണ് . അടുത്ത ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറഞ്ഞതായി ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
നാട്ടില്‍ 500, 1000 രൂപയുടെ കറന്‍സികള്‍ നിരോധിച്ചതോടെ ഗള്‍ഫ് പ്രവാസികളില്‍ പലരും നാട്ടിലേക്കുള്ള യാത്രകള്‍ മാറ്റിവെക്കുന്നതായാണ് ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നത്. പൊതുവില്‍ തിരക്കു കുറഞ്ഞ ഈ സീസണില്‍ മിക്ക വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് കുറച്ചെങ്കിലും കറന്‍സി പ്രതിസന്ധി കാരണം ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വലിയതോതില്‍ കുറവു വന്നിട്ടുണ്ട്. സ്ഥിരമായി യാത്രചെയ്യുന്ന ബിസിനസുകാര്‍പോലും യാത്ര മാറ്റി വെക്കുന്നതായി ദോഹയിലെ അക്കോണ്‍ ട്രാവല്‍സ് സി ഇ ഒ നാസര്‍ കറുകപ്പാടത്ത് പറഞ്ഞു.
കുറഞ്ഞ ടിക്കറ്റ് നിരക്കിനു പുറമെ അധിക ബാഗേജ് അനുവദിച്ചും വിമാനക്കമ്പനികള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാല്‍ നാട്ടിലെത്തി പണംമാറാനാവാതെ ബുദ്ധിമുട്ടുന്നതോര്‍ത്താണ് പ്രവാസികള്‍ യാത്ര തന്നെ മാറ്റിവെക്കുന്നത്. ഇതോടൊപ്പം ഖത്തറുള്‍പ്പെടെയുളള ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്കെത്തിയിരുന്ന അറബ് സഞ്ചാരികളെയും കറന്‍സി പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടുണ്ട് . ഖത്തറില്‍ നിന്ന് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പലരും കഴിഞ്ഞ ദിവസങ്ങള്‍ യാത്ര ക്യാന്‍സല്‍ ചെയ്തതയായും ട്രാവല്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു
നിലവിലെ പ്രതിസന്ധി ഏതാനും മാസങ്ങള്‍ കൂടി തുടരുമെന്ന ആശങ്ക ട്രാവല്‍ ഏജന്‍സികള്‍ പങ്കുവെക്കുന്നു . ഇത് തിരക്കു കുറഞ്ഞ സീസണില്‍ യാത്ര ചെയ്യാറുള്ള സാധാരണ പ്രവാസികള്‍ക്ക് തന്നെയാണ് കൂടുതല്‍ തിരിച്ചടിയാവുക.
Adjust Story Font
16

