പിണറായി വിജയന് ഊഷ്മള സ്വീകരണമൊരുക്കി ബഹ്‍റൈന്‍

പിണറായി വിജയന് ഊഷ്മള സ്വീകരണമൊരുക്കി ബഹ്‍റൈന്‍
ശനിയാഴ്ചയാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക
ത്രിദിന സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം. ബഹ്റൈന്‍ സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഔദ്യോഗിക അതിഥിയായി എത്തിയ മുഖ്യമന്ത്രി ബഹ്റൈന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി.
യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം അധികം വൈകാതെ ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹോഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ കോര്‍ട്ട് ഓഫ് ക്രൗണ്‍ പ്രിന്‍സ് പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ ദായ് ജ് അല്‍ ഖലീഫ ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹയടക്കമുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു.
ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ പ്രത്യേക അതിഥിയായാണ് മുഖ്യമന്ത്രി വിജയന്‍ ബഹ്‌റൈനിലെത്തിയത്. മുഖ്യമന്ത്രി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ എഴുപതാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. അധികാരമേറ്റ ശേഷം ആദ്യമായി ബഹ്റൈനിലെത്തിയ മുഖ്യമന്ത്രിക്ക് പ്രവാസി സമൂഹമൊരുക്കുന്ന പൗരസ്വീകരണം ബഹ്റൈന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കും. ഇന്നും നാളെയും നടക്കുന്ന തിരക്കിട്ട പരിപാടികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.
Adjust Story Font
16

