മന്ത്രിസഭാ തീരുമാനങ്ങൾ പുറത്ത് വിടാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം; പ്രതിപക്ഷ നേതാവ്

മന്ത്രിസഭാ തീരുമാനങ്ങൾ പുറത്ത് വിടാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം; പ്രതിപക്ഷ നേതാവ്
ബഹ്റൈനിൽ സന്ദർശനത്തിനെത്തിയപ്പോൾ വാർത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ തീരുമാനങ്ങൾ പുറത്ത് വിടാനാകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഹ്റൈനിൽ സന്ദർശനത്തിനെത്തിയപ്പോൾ വാർത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരത്തിലേറിയ ശേഷം മുൻ നിലപാടുകളിൽ നിന്ന് മലക്കം മറിയുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ട വിവരങ്ങൾ നൽകാൻ ബാധ്യസ്ഥമായ സർക്കാർ, ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്. മന്ത്രിസഭായോഗത്തിലേക്ക് തയ്യാറാക്കുന്ന കുറിപ്പുകളൂം ഫയലുകളിൽ മന്ത്രിമാർ കുറിക്കുന്ന നോട്ടുകൾ പോലും വിവരാവകാശ നിയമപ്രകാരം ജനങ്ങൾക്ക് ലഭ്യമാകേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ സംഘർഷം അക്രമങ്ങൾക്ക് നേത്യത്വം നൽകുന്ന ബി ജെ പി, സിപി എം കക്ഷികൾ ഒരേ തൂവൽ പക്ഷികളാണ്. രണ്ടു പാർട്ടികളും കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കണം. പോലീസിനെ നിഷ്പക്ഷമായി മുഖം നോക്കാതെ നടപടിയെടുക്കാൻ തയ്യാറായാൽ മാത്രമേ കണ്ണൂരിലെ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളൂ. കേരളത്തിൽ പോലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടതായും പോലീസ് ഏകപക്ഷീയമായാണ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
Adjust Story Font
16

