Quantcast

ഖത്തറിലെ വീട്ടുവാടക കുറഞ്ഞു

MediaOne Logo

admin

  • Published:

    9 Oct 2017 12:35 PM IST

ഖത്തറിലെ വീട്ടുവാടക കുറഞ്ഞു
X

ഖത്തറിലെ വീട്ടുവാടക കുറഞ്ഞു

മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ 0.1 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് വികസന-ആസൂത്രണ- സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട ഉപഭോക്തൃ വില സൂചികാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2013 ന് ശേഷം ആദ്യമായി ഖത്തറിലെ വീട്ടുവാടകയില്‍ നേരിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ 0.1 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് വികസന-ആസൂത്രണ- സ്ഥിതിവിവരക്കണക്ക് മന്ത്രാലയം പുറത്തുവിട്ട ഉപഭോക്തൃ വില സൂചികാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഖത്തറിലെ വീട്ടുവാടകയില്‍ 0.1 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ വെള്ളം, വൈദ്യുതി എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 5.6 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ ആദ്യമായാണ് നേരിയതെങ്കിലും വാടകയില്‍ കുറവുണ്ടായിരിക്കുന്നത്. ദോഹയിലും പരിസരത്തും ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെയും ഫ്ലാറ്റുകളുടെയും എണ്ണം വര്‍ധിച്ചു വരുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പല മേഖലകളിലും തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതും ആനുകൂല്യങ്ങള്‍ ഒഴിവാക്കുന്നതുമാണ് ഇതിനു കാരണം. പുതിയ നിരവധി കെട്ടിടങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വീടുകളുടെ ലഭ്യത വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്.

പേള്‍ ഖത്തര്‍, ഡിപ്ലോമാറ്റിക് ഡിസ്ട്രിക്ട്, ലുസൈല്‍ സിറ്റി എന്നിവിടങ്ങളില്‍ മാത്രം ഈ വര്‍ഷം അപാര്‍ട്ട്‌മെന്റുകളുടെ എണ്ണത്തില്‍ മൂന്നിലൊന്ന് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഈ പ്രവണത തുടരുകയാണെങ്കില്‍ വാടക ഇനിയും കുറയാനാണ് സാധ്യതയെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, വാടകയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കുറവ് എല്ലാ താമസക്കാര്‍ക്കും ലഭിക്കുന്നില്ലെന്നാണ് സൂചന. വാടകയില്‍ ചെറിയ കുറവുണ്ടായെങ്കിലും ജീവിതച്ചെലവ് ഉയരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ വിലക്കയറ്റ നിരക്കിലെ വര്‍ധന 3.4 ശതമാനമാണ്. കഴിഞ്ഞ മാസം ഇത് 3.3 ശതമാനമായിരുന്നു. 2014 സപ്തംബറിന് ശേഷമുള്ള ഏറ്റവും കൂടിയ നിരക്കാണിത്. വിനോദ, സാംസ്‌കാരിക മേഖലയിലുണ്ടായ ചെലവ് വര്‍ധനയും വിദ്യാഭ്യാസ ചെലവ് കൂടിയതുമാണ് പ്രധാനമായും ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

TAGS :

Next Story