ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഒക്ടോബറില്‍ പ്രാബല്യത്തിലാവും

ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഒക്ടോബറില്‍ പ്രാബല്യത്തിലാവും
ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഈ വര്‍ഷം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്.
ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഈ വര്‍ഷം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുമെന്ന് റിപ്പോര്‍ട്ട്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്. നിയമത്തിന്റെ കൂടുതല്‍ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അംഗീകാരം നല്‍കിയ നിയമം ഡിസംബര്‍ 13നാണ് ഖത്തര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ഈ ഒക്ടോബറില്‍ തന്നെ പുതിയ നിയമം പ്രബല്യത്തില്‍ വരുമെന്നാണ് അറിയുന്നത്. നിലവിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരുന്നതിന് രണ്ട് വര്‍ഷത്തെ വിലക്ക് പുതിയ നിയമത്തില്‍ എടുത്തുകളഞ്ഞിട്ടുണ്ട്. ഒരു തൊഴിലില്‍ നിന്ന് ഒഴിവായി രാജ്യത്ത് നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്ത് ഉടന്‍ തന്നെ എത്താന്‍ സാധിക്കും. നിലവില്‍ വിസ ക്യാന്‍സല്‍ ചെയ്ത് രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്ക് രണ്ട് വര്‍ഷം കഴിഞ്ഞ് മാത്രമെ തിരിച്ചുവരാന്‍ സാധിക്കുകയുളളൂ. എന്നാല്‍ പുതിയ നിയമത്തില്‍ ഇത്തരം ആളുകള്‍ക്ക് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം തിരിച്ചുവരാം.
നിലവില്‍ മുന്‍തൊഴിലുടമയില്‍ നിന്ന് എന്‍ഒസി ലഭിച്ചാല്‍ മാത്രമെ വിലക്കില്ലാതെ ഖത്തറില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നുള്ളൂ. നിലവിലെ കഫാല സംവിധാനം എടുത്തുകളയുന്നതോടെ നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന വ്യക്തിക്ക് പുതിയൊരു തൊഴിലുടമയുടെ കീഴില്‍ തൊഴില്‍ ലഭിച്ചാല്‍ മുന്‍ സ്പോണ്‍സറുടെ അനുമതി ആവശ്യമില്ല. അതേസമയം രാജ്യത്ത് ശിക്ഷിക്കപ്പെട്ട പ്രവാസി തൊഴിലാളിക്ക് ഖത്തറില്‍ തിരികെ പ്രവേശിക്കുന്നതിന് നാല് വര്‍ഷത്തെ വിലക്കുണ്ട്. പുതിയ നിയമത്തിലെ 26ആം വകുപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒരു പ്രവാസി തൊഴിലാളിയെ കോടതിവിധിയിലൂടെ നാടുകടത്തിയാല്‍ ആഭ്യന്തരമന്ത്രിയുടെ അനുമതിയില്ലാതെ ഖത്തറിലേക്ക് തിരിച്ചുവരാനാകില്ല. പുതിയ നിയമപ്രകാരം സര്‍ക്കാരിന്റെ അനുമതിയോടെ പ്രവാസി തൊഴിലാളിക്ക് തൊഴില്‍ മാറാം. കരാര്‍ കാലാവധി കഴിഞ്ഞാലോ ഓപണ്‍ കരാറുകളില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാലോ ഇത്തരത്തില്‍ അനുമതിയോടെ തൊഴില്‍ മാറാം. കരാര്‍ കാലാവധിക്കു മുമ്പ് തൊഴില്‍ മാറണമെങ്കില്‍ തൊഴിലുടമയുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ അതോറിറ്റിയുടെയും അനുമതി വേണം. തൊഴിലാളികള്‍ക്ക് രാജ്യം വിട്ട് പോകാനുളള എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കുക ആഭ്യന്തര മന്ത്രാലയമായിരിക്കും. അടിയന്തര ഘട്ടങ്ങളില്‍ മണിക്കുറുകള്‍ക്കുളളിലും എക്സിറ്റ് പെര്‍മിറ്റ് അനുവദിക്കും.
Adjust Story Font
16

