Quantcast

ഭീകരതക്കെതിരെ ഇന്ത്യാ - ബഹ്റൈന്‍ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി

MediaOne Logo

Sithara

  • Published:

    10 Dec 2017 12:52 PM IST

ഭീകരതക്കെതിരെ ഇന്ത്യാ - ബഹ്റൈന്‍ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി
X

ഭീകരതക്കെതിരെ ഇന്ത്യാ - ബഹ്റൈന്‍ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി

ഭീകരതക്കെതിരെ ഇന്ത്യാ - ബഹ്റൈന്‍ സഹകരണം ശക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് പരിസമാപ്തി.

ഭീകരതക്കെതിരെ ഇന്ത്യാ - ബഹ്റൈന്‍ സഹകരണം ശക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് പരിസമാപ്തി. ഭീകരവാദത്തെ നേരിടാൻ ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ചു. ബഹ് റൈൻ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചകൾ നടത്തിയ മന്ത്രി സന്ദർശന പരിപാടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങി.

ബഹ്റൈനിൽ ത്രിദിന സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഭീകരത ഉള്‍പ്പെടെയുള്ള ഭീഷണികള്‍ നേരിടാന്‍ ബഹ്റൈന്‍ ‍- ഇന്ത്യ സംയുക്ത സ്റ്റിയറിങ് കമ്മിറ്റി (ജെ.എസ്.സി) രൂപവത്കരിച്ചു. ഭീകരതയുമായി ബന്ധപ്പെട്ട കേസുകളിലെ വിവര കൈമാറ്റം, മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകളിലെ അന്വേഷണത്തിലെ പരസ്പര സഹകരണം, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണം കണ്ടെത്തലും വിവരം കൈമാറലും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ശേഖരിച്ച പണം കണ്ടുകെട്ടല്‍ എന്നീ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. യുവജനങ്ങള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാനായി ഇന്‍റര്‍നെറ്റ് ദുരുപയോഗപ്പെടുത്തുന്നത് നിരീക്ഷിക്കും. മനുഷ്യക്കടത്ത് തടയാന്‍ സഹകരിച്ച് പ്രവർത്തിക്കാനും സുരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് സംയുക്ത പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും ചർച്ചകളിൽ ധാരണയായി.

ബഹ്റൈന്റെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പങ്കുചേരാന്‍ ഇന്ത്യ സന്നദ്ധമാണെന്നും ഭീകരത ലോകത്തിനാകെ ഭീഷണിയാണെന്നും മന്ത്രി രാജ്നാഥ്സിങ് പറഞ്ഞു. ഇന്ത്യയുമായി ബഹ്റൈന് സുപ്രധാന ബന്ധമാണുള്ളതെന്നും രാജ്യത്ത് ഏറ്റവും കൂടുതലുള്ള പ്രവാസികള്‍ ഇന്ത്യക്കാരാണെന്നും ബഹ്റൈൻ ആഭ്യന്തരമന്ത്രി ശൈഖ് റാഷിദ് വ്യക്തമാക്കി. സിങ് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ഖലീഫ എന്നിവരുമായും മന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ, ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, രാജ്നാഥ് സിങ്ങിനൊപ്പമുള്ള പ്രധിനിധി സംഘം തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ച രാജ്നാഥ് സിങ്ങ് അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. സന്ദര്‍ശന പരിപാടികൾ പൂര്‍ത്തിയാക്കി മന്ത്രി ഇന്ന് രാവിലെ ഇന്ത്യയിലേക്ക് മടങ്ങി.

Next Story