തൊഴിലാളികള്‍ക്കായി ദോഹയില്‍ മെഡിക്കല്‍ ക്യാമ്പ്

തൊഴിലാളികള്‍ക്കായി ദോഹയില്‍ മെഡിക്കല്‍ ക്യാമ്പ്
ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്, ഫ്രന്‍സ് കള്‍ച്ചറല്‍ സെന്ററര്‍ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു ക്യാമ്പ്
കുറഞ്ഞ വരുമാനക്കാരായ ഖത്തറിലെ രണ്ടായിരത്തിലധികം തൊഴിലാളികള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനകളും ആരോഗ്യ ബോധവത്കരണവും ഉറപ്പു വരുത്തിയ 15 ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ദോഹയില്‍ നടന്നു. ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്, ഫ്രന്‍സ് കള്‍ച്ചറല്‍ സെന്ററര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്യാമ്പ് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്തു.
ദോഹയിലെ തുമാമ ഹെല്‍ത്ത് സെന്ററില്‍ നടന്ന 15 ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2500 ലധികം ഖത്തറിലെ സാധാരണ തൊഴിലാളികളാണ് പ്രയോജനപ്പെടുത്തിയത്. പൊതുജനാരോഗ്യമന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെയും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെയും രക്ഷാധികാരത്തിന്‍ കീഴില്‍ ഫ്രന്‍സ് കള്‍ച്ചറല്‍ സെന്ററും ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പ് രക്ഷാധികാരി കൂടിയായ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്തു.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍, ഖത്തര്‍ചരിറ്റി, ക്യാമ്പിന്റെ പ്രായോജകരായ ഉരീദു, ഇന്ത്യന്‍ ഡോക്ടേഴ്‌സ ക്ലബ്, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, എഫ് സി സി, തുടങ്ങിയവയുടെ പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്രമേഹത്തെ വരുതിയിലാക്കുക എന്ന പ്രമേയത്തില്‍ ഊന്നിയ ക്യാമ്പിലെത്തിയ തൊഴിലാളികളില്‍ അധികവും പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനുമാണ് ചികിത്സ തേടിയത്. ഇവരില്‍ തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് സൗജന്യ ചികിത്സ സൗകര്യമൊരുക്കിയതായി സംഘാടകര്‍ അറിയിച്ചു.
ക്യാമ്പിനോടനുബന്ധിച്ച നടന്ന വിവിധ ബോധവത്കരണ പരിപാടികളില്‍ 5000 ത്തോളം പേര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലായി 150 ലധികം ഡോക്ടര്‍മാരും 175 ലധികം പാരമെഡിക്കല്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും വനിതകളും ഉള്‍പ്പെടെ 750 ലധികം വളണ്ടിയര്‍മാരുമാണ് ക്യാമ്പിന്റെ വിജയത്തിനായി സേവനമനുഷ്ടിച്ചത്. രക്തദാനത്തിനും അവയവദാന സമ്മതപത്രം ഒപ്പുവെക്കാനും നിരവധി പേര്‍ സന്നദ്ധരായി.
Adjust Story Font
16

