വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി നാട്ടിലേക്ക് മടങ്ങി

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കുവൈത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി നാട്ടിലേക്ക് മടങ്ങി
അഞ്ചു മാസം മുമ്പ് ജോലി സ്ഥലത്തേക്ക് പോകവേ ഉണ്ടായ വാഹനാപകടമാണ് ഇടുക്കി കോച്ചാറ സ്വദേശിയായ യുവാവിന്റെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയത്...
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു കുവൈത്തില്‍ ചികിത്സയിലായിരുന്ന ബിനോയ് വര്‍ഗീസ് സഹപ്രവര്‍ത്തകരുടെയും സുമനസ്‌കരുടെയും സഹായത്താല്‍ നാട്ടിലേക്ക് മടങ്ങി. അഞ്ചു മാസം മുമ്പ് ജോലി സ്ഥലത്തേക്ക് പോകവേ ഉണ്ടായ വാഹനാപകടമാണ് ഇടുക്കി കോച്ചാറ സ്വദേശിയായ യുവാവിന്റെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയത്.
നാപസ്‌കോ കമ്പനിയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന ബിനോയിക്ക് അപകടത്തില്‍ നട്ടെല്ലിനു ഗുരുതരമായ ക്ഷതമേറ്റിരുന്നു. അരക്ക് താഴെ തളര്‍ന്ന അവസ്ഥയില്‍ അഞ്ചുമാസം ആശുപത്രിക്കിടക്കയില്‍ ആയിരുന്ന ഇദ്ദേഹം. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ടു പെണ്‍മക്കളുമടങ്ങിയ കുടുംബത്തിന്റെ ഏക അത്താണി ആയിരുന്ന ബിനോയ് ശയ്യയിലായത്തോടെ കുടുംബത്തിന്റെ ഭാവിയും ചോദ്യചിഹ്നമായി.
അപകടം നടന്ന അന്ന് മുതല്‍ സഹായ സഹകരണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തകരും കമ്പനിയിലെ മലയാളിയായ സൂപ്പര്‍വൈസര്‍ അനീഷും ആശുപത്രിക്കിടക്കയില്‍ ബിനോയിക്ക് ആശ്വാസം പകര്‍ന്നു. പരസഹായം ആവശ്യമുള്ളതിനാല്‍ നാട്ടില്‍ നിന്നും ഭാര്യയെ കൊണ്ടുവരുന്നതിനും കമ്പനി അധികൃതര്‍ സഹായം നല്‍കി. മാസങ്ങള്‍ നീണ്ട ആശുപത്രി ജീവിതത്തിനു ശേഷം തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയ ബിനോയിക്ക് വെല്‍ഫെയര്‍ കേരള പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. തുടര്‍ ചികിത്സക്കായി സ്വരൂപിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍ അദ്ദേഹത്തിന് കൈമാറി.
Adjust Story Font
16

