Quantcast

അന്താരാഷ്ട്ര എയര്‍ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

MediaOne Logo

admin

  • Published:

    16 March 2018 6:24 AM IST

ബഹ്‌റൈനിലെ സഖീര്‍ എയര്‍ ബേയ്‌സില്‍ ജനുവരി 21 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര എയര്‍ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബഹ്‌റൈനിലെ സഖീര്‍ എയര്‍ ബേയ്‌സില്‍ ജനുവരി 21 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര എയര്‍ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പ്രദര്‍ശനം വിജയകരമാക്കുന്നതിനുള്ള സുരക്ഷാ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇത്തവണ എയര്‍ ഷോയില്‍ ഇന്ത്യയില്‍ നിന്നുള്ള തേജസ് യുദ്ധവിമാനത്തിന്റെ പങ്കാളിത്തവുമുണ്ടാകും.

ബഹ്‌റൈന്‍ വ്യോമയാന വകുപ്പും ഫാണ്‍ബോറോ ഇന്റര്‍നാഷണല്‍ ലിമിറ്റഡും സംയുക്തമായാണ് മൂന്ന് ദിവസങ്ങളിലായി അന്താരാഷ്ട്ര വ്യോമാഭ്യാസ പ്രദര്‍ശനമൊരുക്കുന്നത്. ജനുവരി 21 മുതല്‍ 23 വരെ ബഹ്‌റൈനിലെ സഖീര്‍ എയര്‍ബേസില്‍ നടക്കാനിരിക്കുന്ന നാലാമത് ഇന്റര്‍നാഷണല്‍ എയര്‍ഷോ മുപ്പത്തി അഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള കാണികള്‍ ഇത്തവണ പ്രദര്‍ശനം കാണാനെത്തുമെന്നുമാണ് സംഘാടകരുടെ പ്രതീക്ഷ. എണ്‍പത്തിനാല് എയര്‍ക്രാഫ്റ്റുകളും വിവിധ സിവില്‍ എയര്‍ലൈനുകളും ഹെലികോപ്റ്ററുകളും നാല് മണിക്കൂറോളം പ്രദര്‍ശന ദിവസങ്ങളില്‍ ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കും. കഴിഞ്ഞ തവണ ആയിരങ്ങളെ ആകര്‍ഷിച്ച പ്രദര്‍ശനം ഇത്തവണ പൂര്‍വാധികം ഭംഗിയാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. ഇന്ത്യയുടെ തേജസ് യുദ്ധവിമാനം ഷോയില്‍ പങ്കെടുക്കാനായി ബഹ്‌റൈനിലത്തെിക്കഴിഞ്ഞു. ഇന്ത്യക്ക് പുറത്ത് ആദ്യമായുള്ള എയര്‍ ഷോയിലെ പങ്കാളിത്തമാണ് തേജസ് യുദ്ധവിമാനത്തിന്റേത്. ബാംഗ്‌ളൂരില്‍ നിന്ന് തിരിച്ച രണ്ട് തേജസ് വിമാനങ്ങള്‍ മസ്‌കത്ത് വഴിയാണ് സഖീര്‍ എയര്‍ബേസിലത്തെിയിരിക്കുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സാരംഗ് ടീമിന്റെ ധ്രുവ് ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങളും ഇത്തവണ എയര്‍ഷോയിലുണ്ടാകും. വിപുലമായ വിനോദ പരിപാടികളോടെ നടക്കുന്ന ഷോക്കായുള്ള ടിക്കറ്റുകള്‍ ബാറ്റല്‍കോയുടെ മുഴുവന്‍ ഔട്ട്‌ലറ്റുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 10 ദിനാറും 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് ദിനാറുമാണ് നിരക്ക്. രാജ്യത്തെ സമ്പദ് മേഖലക്ക് ഉണര്‍വ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Next Story