ചിത്രകലയില്‍ പുതുപരീക്ഷണങ്ങളുമായി സുഹൈര്‍ ഖുസായ്
സുഹൈര്‍ ഖുസായ് എന്ന 50 കാരനാണ് അബ്‌സ്ട്രാക്ട് ആര്‍ടിലെ നൂതന സങ്കേതങ്ങളുമായി വരകളും ശില്‍പ്പങ്ങളും തീര്‍ക്കുന്നത്.
ചിത്രകലയിലും ശില്‍പ്പ നിര്‍മ്മാണത്തിലും വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഖത്തറിലെ ഒരു സ്വദേശി കലാകാരനെ പരിചയപ്പെടാം. സുഹൈര്‍ ഖുസായ് എന്ന 50 കാരനാണ് അബ്‌സ്ട്രാക്ട് ആര്‍ടിലെ നൂതന സങ്കേതങ്ങളുമായി വരകളും ശില്‍പ്പങ്ങളും തീര്‍ക്കുന്നത്.
കൃത്യമായ ജ്യോമട്രിയില്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ഖത്തറിലെ ഈ സ്വദേശി ഡിസൈനര്‍ ഒഴിവ് സമയങ്ങളാണ് വരകള്‍ക്കും ശില്‍പ്പങ്ങള്‍ക്കുമായി മാറ്റിവെക്കുന്നത്. പരമ്പരാഗത സങ്കേതങ്ങള്‍ക്ക് പകരം കലയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിവരുന്ന ഇദ്ദേഹത്തിന്‍റെ സൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ വ്യത്യസ്തങ്ങളാണ്. മരക്കഷ്ണങ്ങളും ഇരുമ്പു കമ്പിയും മണലും കടലാസുമെല്ലാം ഇദ്ദേഹം മനോഹര ശില്‍പ്പങ്ങളാക്കി മാറ്റും. അറബ് പാരമ്പര്യ ജീവിതത്തിന്‍റെ ശേഷിപ്പുകള്‍ മുതല്‍ മധ്യ പൗരസ്ത്യ ദേശത്തെ അസ്വസ്ഥതകള്‍ വരെ സുഹൈര്‍ അല്‍ ഖുസൈയുടെ കലാസൃഷ്ടികളില്‍ നിന്ന് വായിച്ചെടുക്കാനാവും.
ആധുനിക ഖത്തറിന്‍റെ വികസന കുതിപ്പിലും സുഹൈറിന്‍റെ ഡിസൈനുകള്‍ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. ചിത്രകലയിലും ശില്‍പ്പരൂപകല്‍പ്പനയിലും തത്പരരായ സ്വദേശികള്‍ക്ക് പുറമെ പാശ്ചാത്യരും പൗരസ്ത്യരുമായ ഒട്ടേറെ പേര്‍ക്ക് ഇദ്ദേഹം പരിശീലനം നല്‍കി വരുന്നുമുണ്ട്. 5000ത്തോളം ജീവനക്കാരുള്ള തന്‍റെ ബിസിനസ് സംരംഭത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധയോടെയാണ് ഇദ്ദേഹം കലയെ സമീപിക്കുന്നത്. എന്നാല്‍ രാജ്യത്തികത്തോ പുറത്തോ ഇതുവരെ ഒരു പ്രദര്‍ശനം പോലും ഈ കലാകാരന്‍റേതായി നടന്നിട്ടില്ല.
Adjust Story Font
16

