യുഎഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ സമീപിച്ചതായി പരാതി
നിലവിലെ വ്യോമയാന ചട്ടങ്ങൾക്ക് നിരക്കാത്ത ഇത്തരം നടപടികളിൽ നടപടി ഉണ്ടാകണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്
രണ്ട് യുഎഇ യാത്രാവിമാനങ്ങളെ അപകടകരമായ രീതിയിൽ ഖത്തർ യുദ്ധവിമാനങ്ങൾ സമീപിച്ചതായി ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര വ്യോമയാന സംഘനക്ക് യുഎഇ പരാതി കൈമാറി. നിലവിലെ വ്യോമയാന ചട്ടങ്ങൾക്ക് നിരക്കാത്ത ഇത്തരം നടപടികളിൽ നടപടി ഉണ്ടാകണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ സംഭവം ഖത്തർ നിഷേധിക്കുകയാണ്.
പോയ വാരത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കുമാറുള്ള സംഭവം. യുഎഇ വ്യോമയാന അതോറിറ്റിയാണ് പരാതി നൽകിയത്. ചിക്കാഗോ കൺവെൻഷൻ 54ാം വകുപ്പിന്റെ ലംഘനമാണ് നടന്നതെന്ന് പരാതിയിൽ പറയുന്നു. യാത്രാവിമാനത്തിനു നേരെയുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര ചട്ടങ്ങൾ മറികടക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സൈഫ് അൽ സുവൈദി പറഞു.
പോയ വാരത്തിൽ ബഹ്റൈൻ വ്യോമപരിധിയിലാണ് സംഭവം നടന്നതെന്നാണ് യുഎഇ പറയുന്നത്. യുഎഇ രജിസ്ട്രേഷനുള്ള യാത്രാവിമാനങ്ങളിൽ ഒന്നിന്റെ പൈലറ്റ് അവസരോചിതമായി ദിശ മാറ്റിയതിനാൽ കൂട്ടിയിടി ഒഴിവായി.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ യുഎഇ എന്നാൽ നിലവിലുള്ള റൂട്ടിൽ മാറ്റം വരുത്തില്ലെന്നും വ്യക്തമാക്കിയിരുന്നു.
ജനുവരി 15നും ഖത്തർ യുദ്ധവിമാനങ്ങൾ ബഹ്റൈൻ തലസ്ഥാനമായ മനാമയിലേക്കുള്ള രണ്ട് യുഎഇ യാത്രാവിമാനങ്ങൾക്ക് തടസം സൃഷ്ടിച്ചിരുന്നതായ ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഡിസംബർ 27ന് യുഎഇ വിമാനം വ്യോമപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് ജനുവരി 11ന് ഖത്തർ ഐക്യരാഷ്ട്രസഭക്ക് പരാതി നൽകുകയും ചെയ്തു.
Adjust Story Font
16

