Quantcast

ദുബൈ വിമാനപകടത്തിന് കാരണം പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കാന്‍ ശ്രമിച്ചതായിരിക്കാമെന്ന് റിപ്പോര്‍ട്ട്

MediaOne Logo

Jaisy

  • Published:

    22 April 2018 8:47 PM GMT

ദുബൈ വിമാനപകടത്തിന് കാരണം  പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കാന്‍ ശ്രമിച്ചതായിരിക്കാമെന്ന് റിപ്പോര്‍ട്ട്
X

ദുബൈ വിമാനപകടത്തിന് കാരണം പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കാന്‍ ശ്രമിച്ചതായിരിക്കാമെന്ന് റിപ്പോര്‍ട്ട്

യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്

ദുബൈ വിമാനത്താവളത്തില്‍ എമിറേറ്റ്സ് വിമാനം അപകടത്തില്‍ പെടാന്‍ കാരണം റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ കാറ്റ് പെട്ടെന്ന് ഗതിമാറിയതും പൈലറ്റ് ലാന്‍ഡിങ് ഒഴിവാക്കാന്‍ ശ്രമിച്ചതുമായിരിക്കാമെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അപകടത്തിന്റെ യഥാര്‍ഥ കാരണം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല.

അവസാന റിപ്പോര്‍ട്ട് പുറത്തുവരാന്‍ മൂന്നുമുതല്‍ അഞ്ചുമാസം വരെ സമയമെടുക്കുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. അപകടദിവസം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ വിമാനത്താവളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച നാല് കിലോമീറ്ററായി കുറഞ്ഞിരുന്നു. 12.31ന് ദുബൈ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കോഓഡിനേറ്ററെ വിളിച്ച എയര്‍ ട്രാഫിക് വാച്ച് മാനേജര്‍ അസാധാരണമായ കാറ്റിനെക്കുറിച്ച വിവരം കൈമാറുകയും ചെയ്തു. രണ്ട് വിമാനങ്ങള്‍ ഇതിനെ തുടര്‍ന്ന് ലാന്‍ഡിങ് ശ്രമം ഒഴിവാക്കി. 12.37നാണ് അപകടത്തില്‍ പെട്ട വിമാനം ലാന്‍ഡിങ് ശ്രമം നടത്തിയത്. ആദ്യം വലതുവശത്തെ പ്രധാന ലാന്‍ഡിങ് ഗിയറും മൂന്ന് സെക്കന്‍ഡിന് ശേഷം ഇടതുവശത്തെ ലാന്‍ഡിങ് ഗിയറും നിലത്ത് കുത്തി. മുന്‍വശത്തെ ലാന്‍ഡിങ് ഗിയര്‍ അപ്പോഴും ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. പൊടുന്നനെ കാറ്റിന്റെ ഗതി മാറി.

അപകടം മണത്ത പൈലറ്റ് പുറകുവശത്തെ ലാന്‍ഡിങ് ഗിയറുകള്‍ മടക്കി ഉയര്‍ന്നുപൊങ്ങാന്‍ ശ്രമിച്ചു. 1219 മീറ്ററിലേക്ക് ഉയരാനായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പൈലറ്റിന് ലഭിച്ച സന്ദേശം. എന്നാല്‍ 26 മീറ്റര്‍ ഉയര്‍ന്നപ്പോഴേക്കും വിമാനം താഴേക്ക് വരാന്‍ തുടങ്ങി. തുടര്‍ന്ന് റണ്‍വേയില്‍ ഇടിച്ചിറങ്ങിയ വിമാനം 800 മീറ്റര്‍ നിരങ്ങി നീങ്ങി. ഇതിനിടെ രണ്ടാം നമ്പര്‍ എന്‍ജിന്‍ വലതുവശത്തെ ചിറകില്‍ നിന്ന് വേര്‍പെട്ട് ഈ ഭാഗത്ത് തീപിടിച്ചു. ഉടന്‍ തന്നെ ഒന്നാം നമ്പര്‍ എന്‍ജിന്റെ ഭാഗത്തും തീപിടിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന മൂന്നൂറ് പേര്‍ രക്ഷപ്പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനത്തിനിടെ യു എ ഇ അഗ്നിശമനസേനാംഗം കൊല്ലപ്പെട്ടു.

TAGS :

Next Story