Quantcast

കുവൈത്ത് താമസ അലവന്‍സ് വെട്ടിക്കുറച്ചതിനെതിരെ രാജിഭീഷണിയുമായി വിദേശ അധ്യാപകര്‍

MediaOne Logo

Subin

  • Published:

    24 April 2018 3:30 PM IST

കുവൈത്ത് താമസ അലവന്‍സ് വെട്ടിക്കുറച്ചതിനെതിരെ രാജിഭീഷണിയുമായി വിദേശ അധ്യാപകര്‍
X

കുവൈത്ത് താമസ അലവന്‍സ് വെട്ടിക്കുറച്ചതിനെതിരെ രാജിഭീഷണിയുമായി വിദേശ അധ്യാപകര്‍

150 ദീനാറായിരുന്ന അലവന്‍സ് ഒറ്റയടിക്ക് 60 ദീനാറായി കുറച്ച നടപടിക്കെതിരെയാണ് അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

താമസ അലവന്‍സ് വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചു രാജി ഭീഷണിയുമായി കുവൈത്തിലെ വിദേശികളായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ രംഗത്ത്. 150 ദീനാറായിരുന്ന അലവന്‍സ് ഒറ്റയടിക്ക് 60 ദീനാറായി കുറച്ച നടപടിക്കെതിരെയാണ് അധ്യാപകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിവില്‍ സര്‍വീസ് കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന വിദേശ അധ്യാപകരുടെ താമസ അലവന്‍സ് 150 ദീനാറില്‍നിന്ന് 60 ദീനാറാക്കി കുറച്ചുകൊണ്ട് ബുധനാഴ്ചയാണ് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ ഉത്തരവ് ഇറക്കിയത്. ജീവിത ചെലവ് കുത്തനെ കൂടിയ സാഹചര്യത്തില്‍ അലവന്‍സില്‍ ഒറ്റയടിക്ക് 90 ദീനാറിന്റെ കുറവ് വരുത്തിയത് നീതീകരിക്കാനാവില്ലെന്നാണ് അധ്യാപകരുടെ അഭിപ്രായം.

ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത രീതിയിലാണ് ആനുകൂല്യം വെട്ടിക്കുറച്ചത്. തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്മാറിയില്ലെങ്കില്‍ ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങുകയല്ലാതെ തങ്ങളുടെ മുമ്പില്‍ മാര്‍ഗമില്ലെന്നും അധ്യാപകര്‍ പറഞ്ഞു. അതേസമയം രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് താമസ അലവന്‍സ് കുറച്ചതെന്നും രാജിവെക്കണമെന്നുള്ളവര്‍ക്കു അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രതികരിച്ചു.

എണ്ണ വിലക്കുറവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഭീഷണി തരണം ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പാക്കികൊണ്ടിരിക്കുകയാണ്. മന്ത്രിസഭയുടെ അംഗീകാരത്തോടെ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ കൈകൊണ്ട തീരുമാനത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇടപെടാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story