ദോഹ ബാങ്കിന് 2016 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടം.

ദോഹ ബാങ്കിന് 2016 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടം.
ലോകത്തിന്റെ പല ഭാഗങ്ങളിലും വിപണിയില്‍ തകര്‍ച്ചയുണ്ടായ സാഹചര്യമായിട്ട് പോലും ബാങ്കിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതായി ബാങ്ക് സി ഇ ഒ ഡോ. സീതാരാമന്‍ പറഞ്ഞു...
ഖത്തറിലെ പ്രമുഖബാങ്കായ ദോഹ ബാങ്കിന് 2016 സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാര രംഗത്ത് മികച്ച നേട്ടം. ലോകത്തിന്റെ പല ഭാഗങ്ങളിലും വിപണിയില്‍ തകര്‍ച്ചയുണ്ടായ സാഹചര്യമായിട്ട് പോലും ബാങ്കിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചതായി ബാങ്ക് സി ഇ ഒ ഡോ. സീതാരാമന്‍ പറഞ്ഞു.
മികച്ച ആസൂത്രണമാണ് ബാങ്കിന്റെ നേട്ടത്തിന് പിന്നിലെന്നും സി ഇ ഒ പറഞ്ഞു. ബാങ്കിന്റെ 2016ലെ ആകെ ലാഭം 1,054 മില്യണ്‍ ഖത്തര്‍ റിയാലിലെത്തിയതായി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജാബര്‍ ആല്‍ താനി അറിയിച്ചു. 2015ല്‍ ബാങ്കിന്റെ ആകെ ലാഭം1354 മില്യണ്‍ റിയാലായിരുന്നു. ബാങ്കിന്റെ 2016ലെ കരട് സാമ്പത്തിക റിപ്പോര്‍ട്ടിന് ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.
ഓഹരി ഉടമകള്‍ക്ക് ഓഹരിക്ക് മൂന്നു റിയാല്‍ വീതം ധനവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ജനറല്‍ അസംബ്ലിയോട് ശിപാര്‍ശ ചെയ്തു. ബാങ്കിന്റെ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ഗ്രൂപ്പ് സി ഇ ഒ ഡോ. ആര്‍ സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ബാങ്കിന്റെ ആകെ ആസ്തിയില്‍ 7,076 മില്യണ്‍ റിയാലിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2015ല്‍ 83.3ബില്യണ്‍ റിയാലായിരുന്നത് കഴിഞ്ഞ വര്‍ഷം 90.4 ബില്യണ്‍ റിയാലായാണ് വര്‍ധിച്ചത്. 8.5 ശതമാനമാണ് ആസ്തിയിലെ വര്‍ധന.
ആകെ വായ്പകളും അഡ്വാന്‍സുകളും 55.6 ബില്യണ്‍ റിയാലില്‍ നിന്ന് 59.2 ബില്യണ്‍ റിയാലായി വര്‍ധിച്ചു. 6.5 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. നിക്ഷേപത്തിന്റെ കാര്യത്തില്‍ 5.6 ശതമാനത്തിന്റെ വര്‍ധനവുണ്ട്. 2015ല്‍ 52.8 ബില്യണ്‍ റിയാലായിരുന്ന നിക്ഷേപം കഴിഞ്ഞ വര്‍ഷം 55.7 ബില്യണ്‍ റിയാലായി വര്‍ധിച്ചു. ബാങ്കിന്റെ ആകെ ഓഹരി 13.4 ബില്യണ്‍ റിയാലായി വര്‍ധിച്ചു. ആകെ ഓഹരിയില്‍ 1.5ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദോഹ ബാങ്ക് രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തനം വിപുലീകരിച്ചതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

