ഖത്തറിനെ വിമര്‍ശിച്ച് സൗദി അനുകൂല രാജ്യങ്ങൾ

ഖത്തറിനെ വിമര്‍ശിച്ച് സൗദി അനുകൂല രാജ്യങ്ങൾ
യുഎൻ മനുഷ്യാവകാശ സമിതിക്കു മുമ്പാകെ ഖത്തർ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയെന്ന നിലക്കാണ് സൗദി അനുകൂല രാജ്യങ്ങളുടെ വിശദീകരണം.
ഗൾഫ് പ്രതിസന്ധിയെ അന്താരാഷ്ട്ര പ്രശ്നമാക്കി മാറ്റാനുള്ള ഖത്തർ നീക്കം അപലപനീയമാണെന്ന് സൗദി അനുകൂല രാജ്യങ്ങൾ. അപ്രധാനമായ ഒരു പ്രശ്നത്തിന് ആഗോള സ്വഭാവം നൽകാനുള്ള നീക്കം വിജയിക്കില്ലെന്നും ചതുർ രാജ്യങ്ങൾ വ്യക്തമാക്കി. യുഎൻ മനുഷ്യാവകാശ സമിതിക്കു മുമ്പാകെ ഖത്തർ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയെന്ന നിലക്കാണ് സൗദി അനുകൂല രാജ്യങ്ങളുടെ വിശദീകരണം.
ചതുർ രാജ്യങ്ങൾക്കു വേണ്ടി യുഎൻ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക സെഷനു മുമ്പാകെ യുഎഇയുടെ സ്ഥിരം പ്രതിനിധി ഉബൈദ് സാലിം അൽ സഅബിയാണ് ഖത്തറിനെതിരെ നിശിതവിമർശം ഉൾക്കൊള്ളുന്ന വിശദീകരണം നൽകിയത്. ലോക പിന്തുണ കിട്ടാൻ പ്രശ്നത്തെ ഖത്തർ പെരുപ്പിച്ചു കാട്ടുകയാണ്. കുവൈത്ത് അമീറിന്റെ മധ്യസ്ഥതയിൽ തുടരുന്ന സമവായ ചർച്ചകളിലൂടെ പ്രശ്ന പരിഹാരം ഉറപ്പാക്കാനാണ് ഖത്തർ തുനിയേണ്ടത്. രാഷ്ട്രീയ പ്രശ്ന പരിഹാരം പ്രാദേശിക തലത്തിൽ തന്നെ രൂപപ്പെടുകയാണ് വേണ്ടതെന്നും ചതുർ രാജ്യങ്ങൾ വ്യക്തമാക്കി.
തീവ്രവാദം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ അന്താരാഷ്ട്ര ചട്ടങ്ങളും ഗൾഫ് കൂട്ടായ്മയുടെ നയപരിപാടികളും ഉൾക്കൊണ്ട് പ്രവർത്തിക്കുന്നതിനു പകരം നിഷേധാത്മക നിലപാടാണ് ഖത്തർ സ്വീകരിക്കുന്നതെന്നും സൗദി അനുകൂല രാജ്യങ്ങൾ കുറ്റപ്പെടുത്തി. ഒരേസമയം വിരുദ്ധ നിലപാടുകളുമായി ഖത്തറിന് നീങ്ങാൻ പറ്റില്ല. തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാട് തീർത്തും ഉപേക്ഷിക്കാതെ പ്രശ്നപരിഹാരം ഉണ്ടാകില്ല. അതുവരെ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള തങ്ങളുടെ പരമാധികാരം ഉയർത്തി പിടിക്കുമെന്നും ചതുർ രാജ്യങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി.
Adjust Story Font
16

