Quantcast

ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സൗദി സന്ദര്‍ശിച്ചു

MediaOne Logo
ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സൗദി സന്ദര്‍ശിച്ചു
X

ഖത്തര്‍ പ്രതിസന്ധി പരിഹാരത്തിന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി സൗദി സന്ദര്‍ശിച്ചു

ശനിയാഴ്ച ജിദ്ദയിലെത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജാന്‍ ലോഡ്രിയാന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജാന്‍ ലോഡ്രിയാന്‍ സൗദി സന്ദര്‍ശിച്ചു. കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായും, വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രശ്ന പരിഹാരത്തിനുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഫ്രാന്‍സ് പിന്തുണ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഖത്തറുമായി സൗദി ഉള്‍പ്പെടെയുള്ള നാല് അറബ് രാജ്യങ്ങള്‍ ബന്ധം വിഛേദിച്ചതോടെ ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഗള്‍ഫ് മേഖലയില്‍ പര്യടനം നടത്തിയത്.

ശനിയാഴ്ച ജിദ്ദയിലെത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജാന്‍ ലോഡ്രിയാന്‍ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. തീവ്രവാദത്തെ ചെറുക്കുന്നതിലും അതിന് പിന്തുണയും ധനസഹായവും നല്‍കുന്നതിലും ലോകരാഷ്ട്രങ്ങള്‍ ഒറ്റ അഭിപ്രായത്തിലായിരിക്കണമെന്നും സൌദി നേതൃത്വം ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ വിഷയത്തില്‍ ഫ്രാന്‍സിന്റെ നിലപാട് മൂന്ന് കാര്യങ്ങളില്‍ ഊന്നിയാണെന്ന് ലോഡ്രിയാന്‍ പറഞ്ഞു. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുക എന്നതാണ് ഒന്നമത്തേത്. ഖത്തര്‍ പ്രശ്നം ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ പരിഹരിക്കണം. മധ്യസ്ഥ റോളില്‍ ഇറങ്ങാന്‍ പാരീസ് ഉദ്ദേശിക്കുന്നില്ല, എന്നാല്‍ മധ്യസ്ഥശ്രമം എളുപ്പമാക്കാന്‍ ഫ്രാന്‍സ് പിന്തുണ നല്‍കും.

ഖത്തറിനോട് ആവശ്യപ്പെട്ടത് സൗദി ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങളുടെ താല്‍പര്യമല്ലെന്നും മറിച്ച് അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യമാണെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ പ്രശ്നം പരിഹാരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു. ഇറാഖിലെ മൂസില്‍ ഐ.എസില്‍ നിന്ന് പൂര്‍ണമായും മോചിപ്പിച്ചത് തീവ്രവാദത്തെ ചെറുക്കുന്നതിലെ ശക്തമായ കാല്‍വെപ്പാണെന്നും ആദില്‍ ജുബൈര്‍ പറഞ്ഞു.

Next Story