Quantcast

മനുഷ്യ ക്ലോണിങ്ങും ദയാവധവും പൂര്‍ണമായി നിരോധിച്ച് യുഎഇയില്‍ നിയമം

MediaOne Logo

Jaisy

  • Published:

    11 May 2018 3:38 AM IST

മനുഷ്യ ക്ലോണിങ്ങും ദയാവധവും പൂര്‍ണമായി നിരോധിച്ച് യുഎഇയില്‍ നിയമം
X

മനുഷ്യ ക്ലോണിങ്ങും ദയാവധവും പൂര്‍ണമായി നിരോധിച്ച് യുഎഇയില്‍ നിയമം

ലിംഗമാറ്റം സംഭവിച്ചവര്‍ക്ക് മാറ്റം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാകാനും പുതിയ നിയമം അനുമതി നല്‍കുന്നു

മനുഷ്യ ക്ലോണിങ്ങും ദയാവധവും പൂര്‍ണമായി നിരോധിച്ച് യുഎഇയില്‍ നിയമം പാസാക്കി. ലിംഗമാറ്റം സംഭവിച്ചവര്‍ക്ക് മാറ്റം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമാകാനും പുതിയ നിയമം അനുമതി നല്‍കുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ചികില്‍സാ ഉത്തരവാദിത്ത നിയമം പ്രഖ്യാപിച്ചത്.

രോഗിയുയും ബന്ധുക്കളുടെയും സമ്മതമുണ്ടെങ്കിലും ഒരു കാരണവശാലും ദയാവധം അനുവദനീയമല്ലെന്ന് നിയമം വ്യക്തമാക്കുന്നു. ശ്വാസകോശ സ്തംഭനം, രക്തചംക്രമണം പൂര്‍ണമായി തടസ്സപ്പെടുത്തുന്ന ഹൃദയസ്തംഭനം, മസ്തിഷ്ക മരണം എന്നിയ സംഭവിച്ചാലല്ലാതെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ രോഗിയില്‍നിന്ന് മാറ്റരുത്. നിയമലംഘകര്‍ക്ക് പത്ത് വര്‍ഷമാണ് തടവ്.

ദീര്‍ഘകാലമായി അസുഖം മാറാത്ത രോഗിയുടെ കാര്യത്തില്‍ എല്ലാ ചികിത്സയും വിഫലമായാല്‍ കുറഞ്ഞത് മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായ പ്രകാരം ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റി രോഗിയെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കാം. ഇത്തരം കേസുകളില്‍ രോഗിയുടെയോ ബന്ധുക്കളുടെയോ സമ്മതം ആവശ്യമില്ല. എന്നാല്‍, ചികിത്സ കൊണ്ട് ഒരു ഫലമില്ലെങ്കിലും ജീവന്‍രക്ഷാ ഉപകരണങ്ങള്‍ വേണമെന്ന് രോഗി ആവശ്യപ്പെട്ടാല്‍ അത് തടയാന്‍ പാടില്ല. മനുഷ്യന്റെ ജനിതകപകര്‍പ്പ് സൃഷ്ടിക്കുന്ന ക്ലോണിങ്, മനുഷ്യ കോശങ്ങളുടെ പുനരുല്‍പാദനം എന്നിവ നിയമം വിലക്കുന്നു.

ലിംഗമാറ്റം സംഭവിച്ചവര്‍ക്ക് അവരുടെ സ്വഭാവത്തിനും രൂപത്തിനും യോജിച്ച ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നന്‍കുന്നതിന് ഒപ്പം മനുഷ്യ ശരീരത്തില്‍ കൃത്രിമ അവയവങ്ങള്‍ പിടിപ്പിക്കുന്നതിന് നിയമം അനുമതി നല്‍കുന്നുണ്ട്. സ്വാഭാവിക രീതിയില്‍ കുഞ്ഞുങ്ങളുണ്ടാകാത്ത ദന്പതികള്‍ക്ക് അവര്‍ വിവാഹിതരാണെങ്കില്‍ വന്ധ്യതാ ചികിത്സയുടെ ഭാഗമായി കൃത്രിമ ബീജസങ്കലനം, ഐ.വി.എഫ് എന്നിവക്ക് വിധേയമാകാം. ചികിത്സ തുടങ്ങുന്നതിന് ഇത്തരം ഗര്‍ഭധാരണത്തിന് സന്നദ്ധമാണെന്ന സമ്മതപത്രം ഒപ്പിട്ട് നല്‍കിയിരിക്കണം. ഗര്‍ഭസ്ഥ ശിശുവിന് സുഖപ്പെടുത്താനാവാത്ത അസുഖം ശ്രദ്ധയില്‍പ്പെട്ടാല്‍ 120 ദിവസം പിന്നിടാത്ത ഭ്രൂണം അലസിപ്പിക്കാനും കര്‍ശന വ്യവസ്ഥകളോടെ നിയമം അനുമതി നല്‍കുന്നുണ്ട്.

TAGS :

Next Story