Quantcast

സ്വയം പര്യാപ്തരായി ഖത്തര്‍ പുതുവര്‍ഷത്തിലേക്ക്

MediaOne Logo

Alwyn K Jose

  • Published:

    11 May 2018 12:36 AM IST

സ്വയം പര്യാപ്തരായി ഖത്തര്‍ പുതുവര്‍ഷത്തിലേക്ക്
X

സ്വയം പര്യാപ്തരായി ഖത്തര്‍ പുതുവര്‍ഷത്തിലേക്ക്

പ്രതിസന്ധികള്‍ക്കിടയിലും നിലപാടില്‍ ഉറച്ചു നിന്ന് ലോക ശ്രദ്ധനേടാന്‍ ഈ കൊച്ചു രാജ്യത്തിനായി

ഖത്തറിന്‍റെ ചരിത്രത്തിലെ നിര്‍ണ്ണായക വര്‍ഷമായാണ് 2017 കടന്നു പോകുന്നത്. പ്രതിസന്ധികള്‍ക്കിടയിലും നിലപാടില്‍ ഉറച്ചു നിന്ന് ലോക ശ്രദ്ധനേടാന്‍ ഈ കൊച്ചു രാജ്യത്തിനായി. അപ്രതീക്ഷിതമായിവന്ന ഉപരോധ കാലത്തെ മറികടന്ന് സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുകളുമായാണ് രാജ്യം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

2022 ല്‍ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കുന്ന രാജ്യമെന്ന നിലയിലും, അന്താരാഷ്ട്ര സമ്മിറ്റുകളുടെ അറബ് ലോകത്തെ ഹബ്ബെന്ന ബഹുമതിയാലും വികസന കുതിപ്പുമായി മുന്നേറുന്നതിനിടയിലാണ് 2017 ജൂണ്‍ അഞ്ചിന് പൊടുന്നനെ ഖത്തറിനുമേല്‍ ഉപരോധം അടിച്ചേല്‍പ്പിക്കപ്പെടുന്നത്. കര, വ്യോമ, കടല്‍ വഴികളൊക്കെയും അടച്ച് സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഈജിപ്തുമേര്‍പ്പെടുത്തിയ ഉപരോധം തികച്ചും അപ്രതീക്ഷിതമായിരുന്നു. സുഹൃദ് രാജ്യങ്ങളുടെ നീക്കത്തില്‍ ആദ്യം അമ്പരന്നെങ്കിലും കടല്‍യാത്രയുടെ പൂര്‍വീക പാരമ്പര്യം ഓര്‍മ്മപ്പെടുത്തുമാറ് അഷ്ടദിക്കുകളിലേക്കും കപ്പല്‍ പാതകള്‍ തുറന്നും പുതിയ വ്യാപാര പങ്കാളികളെ കണ്ടെത്തിയും രാജ്യം ഭക്ഷ്യസുരക്ഷയും പൗരന്‍മാരുടെ സുരക്ഷയും ഉറപ്പുവരുത്തി മുന്നോട്ടു പോയി. ഹമദ് തുറമുഖവും ദോഹ ഹമദ് രാജ്യാന്ത വിമാനത്താവളവും പ്രതിസന്ധികാലത്തെ അതിജയിക്കാനുള്ള മികച്ച അവസരങ്ങളാക്കി മാറ്റുകയായിരുന്നു രാജ്യം. വര്‍ഷമവസാനിക്കുമ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളികളുമായി ഇറക്കുമതിയിലും കയറ്റുമതിയിലും വന്‍തോതിലുള്ള വളര്‍ച്ച നേടാന്‍ ഖത്തറിനായി. ഒപ്പം സ്വൈര്യജീവിതം സാധ്യമാകുന്ന മേഖലയിലെ മികച്ചയിടം എന്ന ബഹുമതി നിലനിര്‍ത്താനും.

2022 ലെ ലോകകപ്പിനായുള്ള ആദ്യ സ്റ്റേഡിയമായ ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം തുറന്നു കൊടുത്തും മറ്റു സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണ പുരോഗതി ഉറപ്പു വരുത്തിയും രാജ്യം വികസനക്കുതിപ്പ് തുടരുകയാണ്. ഖത്തറിന്‍റെ മുഖച്ഛായ മാറ്റുന്ന ദോഹ മെട്രോ ലുസൈല്‍ സിറ്റി, മിശൈരിബ് ഡൗണ്‍ടൗണ്‍ തുടങ്ങി പുതിയ പാതകളും പാലങ്ങളുമടക്കം ദ്രുതഗതിയിലാണ് രാജ്യത്തിന്‍റെ വികസന മുന്നേറ്റം. പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കാതെ ഇന്ത്യയുള്‍പ്പെടെ 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി സന്ദര്‍ശനത്തിന് വിസ വേണ്ടതില്ലെന്ന ചരിത്ര തീരുമാനം കൈകൊണ്ട് ഖത്തര്‍ വീണ്ടും അത്ഭുതപ്പെടുത്തി. വേതന സുരക്ഷാ സംവിധാനം തൊഴില്‍ കരാറടിസ്ഥാനത്തിലുള്ള തൊഴില്‍ നിയമം എന്നിവക്കു പുറമെ കേരളത്തില്‍ നിന്നടക്കമുള്ളവര്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് തന്നെ മെഡിക്കല്‍ പരിശോധന നടത്താനും രാജ്യം അവസരമൊരുക്കി. വിദേശികള്‍ക്കും സ്വദേശികള്‍ക്കും തുല്ല്യമായ പരിഗണന ഉപാധികളോടെ നല്‍കാമെന്ന തീരുമാനവും രാജ്യം കൈക്കൊണ്ടത് 2017 ലാണ്.

സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര ഉത്പാദന രംഗത്ത് വന്‍കുതിപ്പ് തന്നെയാണ് പോയമാസങ്ങളില്‍ കാണാനായത്. ലോക മാധ്യമരംഗത്ത് അല്‍ജസീറയുടെ മേധാവിത്തവും ഖത്തര്‍ നിലനിര്‍ത്തി. സര്‍വ്വോപരി ദേശീയവികാരവും ദേശസ്‌നേഹവും വളര്‍ത്താന്‍ ഉപരോധകാലം വഴിവെച്ചതായാണ് ദേശീയദിനാഘോഷമടക്കം തെളിയിച്ചത്. ഐക്യരാഷ്ട്രസഭയിലും ലോക രാജ്യങ്ങള്‍ക്കു മുമ്പാകെയും സ്വന്തം ജനതയോടും ഉറച്ച ശബ്ദത്തില്‍ നിലപാടറിയിച്ച ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെന്ന അറബ് ലോകത്തിന്‍റെ ചെറുപ്പത്തിന്‍റെ പ്രതീകമായ ഭരണാധികാരി ലോക ശ്രദ്ധനേടിയ വര്‍ഷമായും 2017 മാറി.

Next Story