പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പരാതി പരിഹാരത്തിനായി ഖത്തറില്‍ പുതിയ കമ്മറ്റി

പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പരാതി പരിഹാരത്തിനായി ഖത്തറില്‍ പുതിയ കമ്മറ്റി
രാജ്യത്ത് ഡിസംബര്‍ 13 മുതല്‍ തൊഴില്‍ നിയമ പരിഷ്‌കരണം നിലവില്‍ വരുന്നതോടെ എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മറ്റി പ്രവര്‍ത്തന സജ്ജമാകും.
ഖത്തറില്‍ പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പരാതി പരിഹാരത്തിനായി പുതിയ കമ്മറ്റി രൂപീകരിച്ചു. രാജ്യത്ത് ഡിസംബര്‍ 13 മുതല്‍ തൊഴില്‍ നിയമ പരിഷ്‌കരണം നിലവില്‍ വരുന്നതോടെ എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മറ്റി പ്രവര്‍ത്തന സജ്ജമാകും.
ഖത്തറിലെ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വരാനിരിക്കെയാണ്, പ്രവാസികളുടെ എക്‌സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പരാതികള്‍ക്ക് പരിഹാരം കാണാനായി ആഭ്യന്തര മന്ത്രാലയം പുതിയ എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മറ്റിക്ക് രൂപം നല്‍കിയത്. ചൊവ്വാഴ്ച മുതല്‍ കമ്മറ്റി പ്രവര്‍ത്തനം തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ ഡയറക്ടര്‍ ബ്രിഗേഡിയര്‍ സാലിം സഖര്‍ അല്‍മുറൈഖിയുടെ അധ്യക്ഷതയില്‍, ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പ്രതിനിധികള്‍, ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മറ്റി പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് കമ്മറ്റി. നോര്‍ത്ത് മദീന ഖലീഫയിലെ പഴയ ട്രാഫിക് ഓഫീസിലാണ് കമ്മറ്റിയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. അടിയന്തരാവശ്യങ്ങള്‍ക്കോ അല്ലെങ്കില്‍ അവധിക്കായോ നാട്ടിലേക്ക് പോകാന്‍ തൊഴിലുടമ അനുവദിച്ചില്ലെങ്കില്‍ പരാതിയുമായി തൊഴിലാളിക്ക് കമ്മറ്റിയെ സമീപിക്കാം. അപേക്ഷ ലഭിച്ച് മൂന്ന് പ്രവര്‍ത്തി ദിനങ്ങള്‍ക്കുള്ളില്‍ കമ്മറ്റി പരാതിയില്‍ തീര്‍പ്പു കല്‍പ്പിക്കും. തൊഴിലാളിയുടെ അപേക്ഷ കമ്മറ്റി നിരാകരിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ തൊഴിലാളിക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ പരാതി ബോധിപ്പിക്കാം. ആദ്യ ഘട്ടത്തില്‍ പരാതികള്‍ നിശ്ചിത അപേക്ഷാഫോറത്തില്‍ നേരിട്ട് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം പിന്നീട് നടപ്പാക്കും.
Adjust Story Font
16

