ഖത്തറില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് വീണ്ടും നിയന്ത്രണം

ഖത്തറില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് വീണ്ടും നിയന്ത്രണം
കൂടുതല്‍ തൊഴില്‍ വിഭാഗങ്ങളെ കൂടി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് താത്കാലികമായി ഒഴിവാക്കാനാണ് ഗതാഗത വകുപ്പ് ഡയറക്ടറേറ്റ് തീരുമാനിച്ചത്
ഖത്തറില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിന് വീണ്ടും നിയന്ത്രണങ്ങള്‍ വരുന്നു. കൂടുതല്‍ തൊഴില്‍ വിഭാഗങ്ങളെ കൂടി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതില്‍ നിന്ന് താത്കാലികമായി ഒഴിവാക്കാനാണ് ഗതാഗത വകുപ്പ് ഡയറക്ടറേറ്റ് തീരുമാനിച്ചത്. രാജ്യത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നത് . അതേസമയം ഇരുചക്രവാഹനങ്ങള്‍ക്കുള്ള ലൈസന്‍സ് ഉദാരമാക്കും.
ദോഹ മെട്രോ ഹൈവേകള്‍ മേല്‍പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ നടക്കുന്നത് കാരണം ഖത്തറിലെ നിരത്തുകളില്‍ അനുഭവപ്പെടുന്ന ഗതാഗത കുരുക്ക് പരിഹാരിക്കാനായാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് . നേരത്തെ തന്നെ 180 ഇനം തൊഴിൽ ചെയ്യുന്നവർക്ക് രാജ്യത്ത് മോട്ടോർ ഡ്രൈവിംഗ് വാഹന ലൈസൻസ് നൽകുന്നില്ല. ഇതിന് പുറമേയാണ് കൂടുതൽ മേഖലകൾകൂടി ഈഇനത്തിൽ പെടുത്താൻ ഖത്തർ ഗതാഗത വകുപ്പ് ജനറൽ ഡയറക്ടറേറ്റ് തീരുമാനിച്ചത്. പലചരക്കുവ്യാപാരം, ഇറച്ചി വിൽപന, ടെയ്ലർ, സ്വർണപ്പണി, കാർഷികവൃത്തി, അലങ്കാരപ്പണികൾ, ബ്യൂട്ടീഷ്യൻ, മെക്കാനിക്, പത്രവിൽപന, ബാർബർ, വേലക്കാർ, സെക്യൂരിറ്റി, ചുമട്ടുതൊഴിലാളികൾ, ആട്ടിടയൻമാർ തുടങ്ങിയവർക്ക് നിലവിൽ തന്നെ രാജ്യം ഡ്രൈവിംഗ് ലൈസൻസ് നൽകുന്നില്ല. ജീവനക്കാർക്ക് ഗതാഗതസൗകര്യം നൽകുന്ന ഓഫീസുകളിലെ ജീവനക്കാരെയും ഭാവിയിൽ ലൈസൻസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട് .
ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നിർമാണപ്രവൃത്തികള്‍ പൂർത്തിയായാൽ ലൈസൻസ് വിഷയത്തിൽ ഉദാരസമീപനം സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു. നിലവിൽ ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർ വളരെ കൂടുതലാണ്. രാജ്യത്ത് ഇരുചക്രവാഹനലൈസൻസിന് അപേക്ഷകർ തീരെ കുറവാണ്. കാർ ലൈസൻസിന് വിലക്കുളളവർക്ക് ബൈക്ക് ലൈസൻസ് നൽകുന്നതിൽ ഉദാരസമീപനം സ്വീകരിക്കാനും വകുപ്പിന് പദ്ധതിയുണ്ട്. ഹെവിലൈസൻസ് ഇത്തരക്കാർക്ക് അനുവദിച്ചിട്ടുമുണ്ട്.
ഡ്രൈവിംഗ് ടെസ്റ്റ് ആളുകൾക്ക് കൂടുതൽ എളുപ്പമാക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലൈസൻസ് ടെസ്റ്റുകൾ പുലർച്ചെ അഞ്ചുമുതൽ ഏഴുവരെയാക്കി പുനക്രമീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ, പാർക്കിംഗ്, റോഡ് ടെസ്റ്റുകൾ എന്നിവ മൂന്ന് വ്യത്യസ്ത ദിവസങ്ങളിലായിരിക്കും ഇനി മുതല്‍ നടക്കുക.
Adjust Story Font
16

