ഭീകരത വിരുദ്ധ നിയമത്തിൽ ഖത്തർ ഭേദഗതി വരുത്തി

ഭീകരത വിരുദ്ധ നിയമത്തിൽ ഖത്തർ ഭേദഗതി വരുത്തി
ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകുമെന്നു ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു
രാജ്യത്തെ ഭീകരത വിരുദ്ധ നിയമത്തിൽ ഖത്തർ ഭേദഗതി വരുത്തി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് . ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതോടെ പുതിയ നിയമം പ്രാബല്യത്തിലാകുമെന്നു ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഭീകരയുടെ നിർവചനം, ഭീകര പ്രവർത്തന കുറ്റകൃത്യം, ഭീകരവാദത്തെ അംഗീകരിക്കൽ, ഭീകരവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, തുടങ്ങിയവ സംബന്ധിച്ചു വിശദീകരിക്കുന്നതാണു ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുറപ്പെടുവിച്ച വിജ്ഞാപനം . ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട വ്യക്തികളുടെയും സംഘടനകളുടെയും പട്ടിക തയാറാക്കൽ, ഇത്തരക്കാർക്ക് മേൽ ചുമത്തേണ്ട നിയമ നടപടികളെ സംബന്ധിച്ച വിശദീകരണം എന്നിവയും പുതിയ നിയമത്തിന്റെ പരിധിയിൽ വരും . തീവ്രവാദപ്പട്ടികയിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും തീരുമാനം ചോദ്യം ചെയ്തു കൊണ്ട് പരമോന്നതകോടതിയെ സമീപിക്കാമെന്നും ഭേദഗതിയിൽ വ്യവസ്ഥയുണ്ട് . ഭീകരവാദം, ഭികരവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകൽ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണും ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മൻ ആൽഥാനിയും ദിവസങ്ങൾക്ക് മുമ്പ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. അതിനെ തുടർന്നാണ് പുതിയ ഭീകരത വിരുദ്ധ നിയമം അമീർ പ്രഖ്യാപിച്ചത്. ഔദ്യോഗികമായി വാർത്ത പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകുമെന്നു ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Adjust Story Font
16

