സ്വകാര്യ കമ്പനികളിലെ ബോര്‍ഡ് അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി ഖത്തര്‍ 20 വയസ്സാക്കി

സ്വകാര്യ കമ്പനികളിലെ ബോര്‍ഡ് അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി ഖത്തര്‍ 20 വയസ്സാക്കി
സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
ഖത്തറില്‍ സ്വകാര്യ കമ്പനികളിലെ ബോര്‍ഡ് അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി ഇരുപത് വയസാക്കി നിജപ്പെടുത്തി. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
സ്വകാര്യ കമ്പനികളിലെ ബോര്‍ഡ് അംഗത്തിന് വേണ്ട യോഗ്യതകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശത്തിലാണ് ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. ഓഹരി പങ്കാളികളുടെ ജനറല്‍ അസംബ്ലി, 2015ലെ പതിനൊന്നാം നമ്പര്‍ നിയമ പ്രകാരം ബോര്‍ഡ് അംഗങ്ങളുടെ വോട്ടിങ് നടപടികള്‍ എന്നിവ സംബന്ധിച്ചും മാര്‍ഗനിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അല്ലെങ്കില്‍ ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി എന്നിവയുടെ നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെടാത്ത സ്വകാര്യ കമ്പനികളിലാണ് പുതിയ മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്വകാര്യ കമ്പനിയില്‍ ബോര്‍ഡ് അംഗമാകാന്‍ പാടില്ല. അംഗങ്ങള്‍ വാണിജ്യ കമ്പനി നിയമത്തിലെ 334, 335 വകുപ്പുകളിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തവരാകാനും പാടില്ല.
ബോര്‍ഡ് അംഗങ്ങളുടെ അനുഭവ പരിചയം, വൈദഗ്ധ്യത, നിക്ഷിപ്തമായ ജോലി, പങ്കെടുത്തിട്ടുള്ള യോഗങ്ങളുടെ എണ്ണം എന്നിവ പ്രകാരം അംഗങ്ങള്‍ക്കുള്ള പ്രതിഫലം സംബന്ധിച്ചും മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബോര്‍ഡ് അംഗങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം കമ്പനിയുടെ മൊത്തലാഭത്തിന്റെ അഞ്ച് ശതമാനത്തില്‍ അധികമാകാന്‍ പാടില്ല. ബോര്‍ഡ് അംഗങ്ങളുടെ ചുമതലകള്‍, ഓഹരി ഉടമകളുടെ ജനറല്‍ അസംബ്ലിയിലെ ചട്ടങ്ങള്‍, ബോര്‍ഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ചും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

