Quantcast

കുവൈത്തിലെ ഇന്ത്യൻ എംബസ്സി സാമൂഹ്യക്ഷേമനിധിയിലേക്ക് ഈടാക്കുന്ന ഫീസ് വർധിപ്പിക്കുന്നു

MediaOne Logo

Jaisy

  • Published:

    23 May 2018 10:50 AM GMT

കുവൈത്തിലെ ഇന്ത്യൻ എംബസ്സി സാമൂഹ്യക്ഷേമനിധിയിലേക്ക് ഈടാക്കുന്ന ഫീസ് വർധിപ്പിക്കുന്നു
X

കുവൈത്തിലെ ഇന്ത്യൻ എംബസ്സി സാമൂഹ്യക്ഷേമനിധിയിലേക്ക് ഈടാക്കുന്ന ഫീസ് വർധിപ്പിക്കുന്നു

2009 മുതലാണ് വിദേശ രാജയങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന പേരിൽ പ്രത്യേക ക്ഷേമനിധി ആരംഭിച്ചത്

കുവൈത്തിലെ ഇന്ത്യൻ എംബസ്സി സാമൂഹ്യക്ഷേമനിധിയിലേക്ക് ഈടാക്കുന്ന ഫീസ് വർധിപ്പിക്കുന്നു . പാസ്സ്‌പോർട്ട് , അറ്റസ്റ്റേഷൻ ആവശ്യങ്ങൾക്കായി എംബസ്സിയിലെത്തുന്നവരിൽ നിന്ന് കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്ക് ഈടാക്കിയിരുന്ന 500 ഫിൽസിനു പകരം സെപ്തംബർ ഒന്ന് മുതൽ 750 ഫിൽ‌സ് ഈടാക്കുമെന്ന് എംബസ്സി അധികൃതർ അറിയിച്ചു.

2009 മുതലാണ് വിദേശ രാജയങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് എന്ന പേരിൽ പ്രത്യേക ക്ഷേമനിധി ആരംഭിച്ചത് . പ്രവാസി ഇന്ത്യക്കാർക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനായി രൂപീകരിച്ച ക്ഷേമനിധിയിലേക്കു ഇടപാടുകാരിൽ നിന്ന് തുടക്കത്തിൽ ഒരു ദിനാറായിരുന്നു കുവൈത്തിലെ ഇന്ത്യൻ എംബസി ഈടാക്കിയിരുന്നത് . 2014 ൽ അന്നത്തെ അംബാസഡർ അജയ് മൽഹോത്ര ക്ഷേമനിധി ഫീസ് അഞ്ഞൂറ് ഫിൽ‌സ് ആക്കി കുറച്ചിരുന്നു . ഇതാണ് അടുത്ത മാസം ഒന്നാം തിയ്യതി മുതൽ 750 ഫിൽ‌സ് ആക്കി വര്‍ദ്ധിപ്പിക്കുന്നത് . ദുരിതമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനും മറ്റു സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കും കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമാണ് വെൽഫെയർ ഫണ്ട് വിനിയോഗിക്കുന്നത് .

രോഗം മൂലം പ്രയാസപ്പെടുന്നവർക്കും അവശത അനുഭവിക്കുന്നവർക്കും വിമാന ടിക്കറ്റിനു പുറമെ യാത്ര ചെലവിനായി 40 ഡോളർ വീതം എംബസ്സി നൽകുന്നുണ്ട് . കുവൈത്തിൽ വെച്ച് മരണം സംഭവിക്കുന്ന ഇന്ത്യക്കാരുടെ ഭൗതിക ശരീരം നാട്ടിലേക്ക് അയക്കാനും യാത്ര ചെയ്യാൻ പ്രയാസമുള്ളവർക്കു വീൽചെയർ സ്‌ട്രെച്ചർ എന്നിവ നൽകാനും സാമൂഹ്യ ക്ഷേമനിധിയിൽ നിന്ന് പണം ചെലവഴിക്കുന്നുണ്ട് . 2016 ൽ 40 പേരുടെ മൃതദേഹങ്ങളാണ് എംബസ്സിയുടെ ചെലവിൽ നാട്ടിലേക്ക് അയച്ചത് . കഴിഞ്ഞ വർഷം വിവിധ സേവനങ്ങൾക്കായി ക്ഷേമനിധിയിൽ നിന്ന് മൊത്തം 25,024 ദിനാർ ചെലവഴിച്ചതായാണ് എംബസ്സി നിന്നുള്ള കണക്ക് . കോൺസുലാർ സേവനങ്ങൾക്കും രേഖകൾ സാക്ഷ്യപ്പെടുത്തുന്നതിനുമായി എംബസിയെ സമീപിക്കുന്നവരിൽ നിന്ന് ഈടാക്കുന്ന ഫീസ് മാത്രമാണ് ക്ഷേമനിധിയിലേക്കുള്ള വരുമാനം.

TAGS :

Next Story