Quantcast

ഖത്തര്‍ ഉപരോധം കുടുംബങ്ങളെ തമ്മിലകറ്റിയെന്ന് ആംനസ്റ്റി

MediaOne Logo

Khasida

  • Published:

    30 May 2018 3:26 PM GMT

ഖത്തര്‍ ഉപരോധം കുടുംബങ്ങളെ തമ്മിലകറ്റിയെന്ന് ആംനസ്റ്റി
X

ഖത്തര്‍ ഉപരോധം കുടുംബങ്ങളെ തമ്മിലകറ്റിയെന്ന് ആംനസ്റ്റി

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിരവധി കുടുംബങ്ങള്‍ക്ക് വിവാഹബന്ധങ്ങളുണ്ട്. ഉപരോധം മൂലം ഭാര്യാ ഭര്‍ത്താക്കന്‍മാരും മക്കളും മാതാപിതാക്കളും രണ്ടോ മൂന്നോ രാജ്യങ്ങളിലായി കഴിയേണ്ടി വരും

ഖത്തറിനെതിരായ അയല്‍രാജ്യങ്ങളുടെ നീക്കങ്ങളെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. നയതന്ത്ര ഉപരോധം ഖത്തറിലും അയല്‍രാജ്യങ്ങളിലുമായി കഴിയുന്ന നിരവധി കുടുംബങ്ങളെ അകറ്റിയതായി ആംനസ്റ്റി കണ്ടെത്തി. ബിസിനസ്, വിദ്യാഭ്യാസം എന്നിവയെയും ഉപരോധം തകര്‍ക്കുമെന്ന് ആശങ്ക. ഖത്തറിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

സൗദി സഖ്യരാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം ഖത്തറിലും ജിസിസി അയല്‍ രാജ്യങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ അകറ്റിയതായി ആംനസ്റ്റി ഇന്റര്‍ നാഷണല്‍ വ്യക്തമാക്കി. ഈ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നിരവധി കുടുംബങ്ങള്‍ക്ക് വിവാഹബന്ധങ്ങളുണ്ട്. ഉപരോധം മൂലം ഭാര്യാ ഭര്‍ത്താക്കന്‍മാരും മക്കളും മാതാപിതാക്കളും രണ്ടോ മൂന്നോ രാജ്യങ്ങളിലായി കഴിയേണ്ടി വരുന്നു.

ബിസിനസ് സംരംഭങ്ങളെയും, കുട്ടികളുടെ വിദ്യാഭ്യാസത്തെയും ഉപരോധം കാര്യമായി ബാധിച്ചിട്ടുണ്ട്. മേഖലകളിലെ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍കൊണ്ടുള്ള കളിയാണെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. ഡസന്‍കണക്കിന് കുടുംബങ്ങളില്‍ നിന്ന് തെളിവെടുത്ത ശേഷമാണ് ആംനസ്റ്റി ഡെപ്യൂട്ടി ഡയരക്ടര്‍ ജെയിംസ് ലിഞ്ച് ഉപരോധത്തെ അപലപിച്ചത്. മേഖലയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് 300 അന്താരാഷ്ട്ര സംഘടനകള്‍ക്ക് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി സമര്‍പ്പിച്ചിരുന്നു.

അതിനിടയില്‍ തീവ്രവാദത്തിന് ഫണ്ട് നല്‍കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറിനെ കുറ്റപ്പെടുത്തി. അതേസമയം ഉപരോധം ഖത്തറില്‍ തങ്ങളുടെ സൈനികതാവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും എന്നാല്‍ ദീര്‍ഘകാല അടിസ്ഥാനത്തിനുള്ള ആസൂത്രണത്തെ ഇതു ബാധിച്ചേക്കുമെന്നും പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് പ്രതികരിച്ചു. ഖത്തറിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന തുര്‍ക്കിയുടെ നിലപാട് പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇന്നലെയും ആവര്‍ത്തിച്ചു.

TAGS :

Next Story