ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളിക്ക് 1,10,00000 രൂപ നഷ്ടപരിഹാരം

ഖത്തറില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളിക്ക് 1,10,00000 രൂപ നഷ്ടപരിഹാരം
2014 മെയ് ഒന്നിനാണ് കണ്ണൂർ വിളക്കോട്ടൂർ സ്വദേശിക്ക് ഖത്തറില്‍ വെച്ച് അപകടമുണ്ടായത്
ഖത്തറില്‍ വെച്ച് വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായ മലയാളി യുവാവിന് ഒരു കോടി പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായി. കണ്ണൂർ വിളക്കോട്ടൂർ സ്വദേശിക്കാണ് ഖത്തർ സുപ്രീം കോടതി ആറ് ലക്ഷം റിയാൽ നഷ്ടപരിഹാരം വിധിച്ചത്. കള്‍ച്ചറല്‍ഫോറം ജനസേവന വിഭാഗം പ്രവര്‍ത്തകരുടെ ഒന്നര വര്‍ഷത്തോളം നീണ്ട ഇടപെടലുകളാണ് യുവാവിന് തുണയായത്.
കണ്ണൂർ ജില്ലയിലെ പാനൂർ വിളക്കോട്ടൂർ സ്വദേശി ഒറ്റപ്പിലാവുളളതിൽ അബ്ദുല്ല 2014 മെയ് ഒന്നിനാണ് ഖത്തറില്‍ വെച്ച് അപകടത്തില്‍ പെട്ടത്. ദുഹൈലില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ അബ്ദുല്ലക്ക് കനേഡിയന്‍ പൗരന്‍ ഓടിച്ചിരുന്ന ബൈക്കിടിച്ചാണ് ഗുരുതര പരിക്കേറ്റത് .അപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇദ്ദേഹം രണ്ട് വർഷത്തോളം ഹമദ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയും ചെയ്തു. കേസില്‍ ക്രിമിനല്‍ കോടതി ആദ്യം വിധിച്ചത് വെറും 200 റിയാലിന്റെ നഷ്ടപരിഹാര തുകയാണ്. പിന്നീടാണ് കള്‍ച്ചറല്‍ഫോറം ജനസേവന വിഭാഗം പ്രവര്‍ത്തകര്‍ ഇടപെട്ട് കേസുമായി മുന്നോട്ട് പോയത്.
ആദ്യം സിവില്‍ കോടതിയിലും പിന്നീട് സുപ്രീം കോടതിയിലുമായി അപ്പീല്‍ സമര്‍പ്പിച്ച കള്‍ച്ചറല്‍ഫോറം പ്രവര്‍ത്തകര്‍ ഒന്നരവര്‍ഷത്തോളം നടത്തിയ കേസിനൊടുവിലാണ് ആറ് ലക്ഷം റിയാല്‍ നഷ്ടപരിപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായത്. ഇന്ത്യന്‍ രൂപ ഒരു കോടി പത്ത് ലക്ഷം വരുമിത്.
ഗള്‍ഫില്‍ അപകടത്തില്‍ പെടുന്ന പ്രവാസികള്‍ക്ക് പലപ്പോഴും വേണ്ട രീതിയില്‍ നിയമ സഹായം ഉറപ്പു വരുത്താനാകാത്തതാണ് അര്‍ഹമായ നഷ്ടപരിഹാര തുകപോലും ലഭിക്കാതെ പോകുന്നതിന് കാരണമെന്നാണ് ഖത്തറിലെ ഈ സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നത് .
Adjust Story Font
16

