Quantcast

പിണറായി വിജയന് സ്വീകരണമൊരുക്കി ബഹ്‍റൈന്‍ പ്രവാസികള്‍

MediaOne Logo

Khasida

  • Published:

    3 Jun 2018 12:51 AM IST

പിണറായി വിജയന് സ്വീകരണമൊരുക്കി ബഹ്‍റൈന്‍ പ്രവാസികള്‍
X

പിണറായി വിജയന് സ്വീകരണമൊരുക്കി ബഹ്‍റൈന്‍ പ്രവാസികള്‍

യു. എ. ഇ ക്ക് ശേഷം വീണ്ടും മറ്റൊരു ഗള്‍ഫ് രാജ്യത്ത് മുഖ്യമന്ത്രി എത്തുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഈ സന്ദര്‍ശനത്തെ ഉറ്റു നോക്കുന്നത്.

ബഹ്‌റൈനില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാന്‍ പ്രവാസി സമൂഹം ഒരുങ്ങി. അധികാരമേറ്റ ശേഷം ആദ്യമായി ബഹ് റൈനിലെത്തുന്ന മുഖ്യമന്ത്രിക്ക് വിപുലമായ സ്വീകരണ പരിപാടികളാണ് ബഹ് റൈനില്‍ ഒരുക്കുന്നത്.

ബഹ്‌റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ പ്രത്യേക അതിഥിയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ് റൈനിലെത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ എത്തുന്ന മുഖ്യമന്ത്രി പകലില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ ഒരുക്കുന്ന വിരുന്നൊരുക്കുന്നുണ്ട്.

ബഹ് റൈനിലെ മലയാളികളുടെ ഏറ്റവും വലിയ സംസ്‌കാരിക കേന്ദ്രമായ കേരളീയ സമാജത്തിന്റെ 70 ആം വാര്‍ഷികാഘോഷ പരിപാടികള്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചര മണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പകലില്‍ ബഹ്റൈന്‍ തലസ്ഥാനനഗരിയും പ്രധാന കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിക്ക് വൈകീട്ട് അഞ്ചുമണിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവാസി സമൂഹം ഒരുക്കുന്ന പൗരസ്വീകരണവും ഒരുക്കിയിട്ടുണ്ട്. പരിപാടിയില്‍ പ്രമുഖ വ്യക്തികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും. മുഖ്യമന്ത്രിയെ ഉന്നത ഉദ്യോഗസ്ഥസംഘവും അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച രാത്രിയോടെയാണ് മുഖ്യമന്ത്രി മടങ്ങുക.

യു. എ. ഇ ക്ക് ശേഷം വീണ്ടും മറ്റൊരു ഗള്‍ഫ് രാജ്യത്ത് മുഖ്യമന്ത്രി എത്തുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഈ സന്ദര്‍ശനത്തെ ഉറ്റു നോക്കുന്നത്.

Next Story