ഉപരോധം: ഭക്ഷ്യക്ഷാമമില്ലെന്ന് ഖത്തര്‍

ഉപരോധം: ഭക്ഷ്യക്ഷാമമില്ലെന്ന് ഖത്തര്‍
നിലവിലെ സാഹചര്യം ഖത്തറിലെ ജന ജീവിതത്തെ ബാധിക്കില്ലെന്ന് ഖത്തര്‍ മന്ത്രിസഭ
നിലവിലെ സാഹചര്യം ഖത്തറിലെ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഖത്തര്‍ മന്ത്രിസഭ ജനങ്ങളെ അറിയിച്ചു. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ക്ഷാമമില്ലെന്നും വിപണിയില്‍ ആവശ്യത്തിന് ഭക്ഷ്യ വസ്തുക്കള്‍ ഇപ്പോഴുമുണ്ടെന്നും ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.
പുതിയ സംഭവ വികാസങ്ങളെ തുടര്‍ന്ന് അയല്‍ രാജ്യങ്ങള്‍ ഖത്തറിലേക്കുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ കൂടി അടച്ചതോടെ ഭക്ഷ്യക്ഷാമം നേരിട്ടേക്കുമോ എന്ന ആശങ്ക ജനങ്ങള്‍ക്കിടിയില്‍ വ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന കഴിഞ്ഞ ദിവസങ്ങളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പതിവില്‍ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്.
എന്നാല്‍ ഇത്തരം ആശങ്കകള്‍ വേണ്ടതില്ലെന്നും കടല്‍ വ്യോമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാജ്യത്തേക്ക് ഭക്ഷ്യോത്പന്നങ്ങള്‍ എത്തിക്കാനാവുമെന്നാണ് ഖത്തര്‍ മന്ത്രിസഭ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയത്. ഇപ്പോള്‍ തന്നെ രാജ്യത്തെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കഴിഞ്ഞതായി ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്.
സൗദി അതിര്‍ത്തി അടച്ചതുമൂലം പാലുല്‍പ്പന്നങ്ങള്‍ക്ക് മാത്രമേ താത്കാലിക ക്ഷാമം അനുഭവപ്പെടുകയുള്ളൂ. പ്രതിസന്ധി നീണ്ടു നിന്നാലും രാജ്യത്തെ ജനങ്ങളെ ബാധിക്കാതെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താന്‍ ഖത്തറിനാവുമെന്നാണ് മന്ത്രിസഭ നല്‍കുന്ന ഉറപ്പ്. സാമ്പത്തിക വാണിജ്യ മന്ത്രാലയവും ഖത്തര്‍ ചേംബറും രാജ്യത്തെ വ്യാപാരികള്‍ക്ക് പുറം നാടുകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാനുള്ള എല്ലാ സഹായങ്ങളും വാഗാദാനം ചെയ്തിട്ടുണ്ട്. പ്രതിസന്ധി മുതലെടുത്ത് വിപണിയില്‍ വിലവര്‍ദ്ധിപ്പിക്കുന്നത് തടയാനും അധികൃതര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.
അതിനിടെ ഖത്തര്‍ ന്യൂസ് ഏജന്‍സി യുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിലുള്ള അന്വേഷണത്തിന്റെ പ്രാഥമിക വിവരങ്ങള്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. ഹാക്കര്‍മാരെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതായും തെളിവുകള്‍ ശേഖരിച്ചു വരുന്നതായും മന്ത്രാലയം അറിയിച്ചു. നവീനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ്ഹാക്കിങ് നടന്നിരിക്കുന്നതെന്നാണ് വിവരം.
Adjust Story Font
16

