ഖത്തര്‍ അമീറിന്റെ സഹോദരിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മലയാളി അറസ്റ്റില്‍
ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണായ ഖത്തര്‍ അമീറിന്റെ സഹോദരിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കി അഞ്ച് കോടി അഞ്ച് ലക്ഷം തട്ടി

ഖത്തര്‍ അമീറിന്റെ സഹോദരിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ മലയാളി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ ശാന്തിപുരം മുളക്കല്‍ സുനില്‍ ആണ് കേരള പൊലീസിന്റെ പിടിയിലായത്. ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണായ ഖത്തര്‍ അമീറിന്റെ സഹോദരിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കി അഞ്ച് കോടി അഞ്ച് ലക്ഷമാണ് സുനില്‍ തട്ടിയത്.
ഖത്തര്‍ അമീറിന്റെ ചിത്രങ്ങള്‍ ലോകത്തിലെ വിഖ്യാത ചിത്രകാരന്‍മാരെ കൊണ്ട് വരപ്പിച്ച് ഖത്തര്‍ മ്യൂസിയത്തിന് നല്‍കാമെന്ന കരാറിന്റെ മറവിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിന്റെ തുടക്കം. ഖത്തര്‍ മ്യൂസിയത്തിലേക്ക് പുരാവസ്തുക്കള്‍ ആവശ്യമുണ്ടെന്ന വിവരമറിഞ്ഞ സുനില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ പുരാവസ്തുക്കളുടെ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ശേഖരിച്ച് ഖത്തര്‍ മ്യൂസിയവുമായി കരാറിന് ശ്രമിച്ചു. എന്നാല്‍ ഇതില്‍ മ്യൂസിയം അധികൃതര്‍ താല്‍പര്യം കാണിച്ചില്ല.
തുടര്‍ന്ന് അമേരിക്കയിലെ ഒരു ഓണ്‍ലൈന്‍ ബിസിനസ്സ് കമ്പനിയുടെ പേരില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി തട്ടിപ്പിന് കളമൊരുക്കിയെന്നാണ് പൊലീസ് പറയുന്നത്. ഖത്തര്‍ അമീറിന്റെ ചിത്രങ്ങള്‍ പ്രമുഖരായ ചിത്രകാരന്‍മാരെക്കൊണ്ട് വരപ്പിച്ച് മ്യൂസിയത്തിന് നല്‍കാമെന്ന് സുനില്‍ ഖത്തര്‍ മ്യൂസിയം അധികൃതരെ അറിയിച്ചു. ഇതിന്റെ തുടര്‍ നടപടികള്‍ മ്യൂസിയം ചെയര്‍പേഴ്സണന്‍ കൂടിയായ ഖത്തര്‍ അമീറിന്റെ സഹോദരിയുടെ പേരിലുണ്ടാക്കിയ വ്യാജ ഇ മെയിലൂടെയായിരുന്നു സുനില്‍ നടത്തിയത്.
10 കോടി 10 ലക്ഷത്തിന് കരാര്‍ ഉറപ്പിച്ച ഖത്തര്‍ മ്യൂസിയം അധികൃതര്‍ പകുതി പണം അഡ്വാന്‍സായി സുനിലിന്റെ അക്കൌണ്ടിലേക്ക് നല്‍കി. എന്നാല്‍ പിന്നീട് സുനിലിനെ ഖത്തര്‍ മ്യൂസിയം അധികൃതര്‍ക്ക് ബന്ധപ്പെടാനായില്ല. തുടര്‍ന്ന് തട്ടിപ്പിനിരയായ വിവരം മനസ്സിലാക്കി ഖത്തര്‍ മ്യൂസിയം അധികൃതര്‍ അക്കൌണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ച് കേരളത്തിലെത്തി പരാതി നല്‍കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Adjust Story Font
16

