Quantcast

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഇല്ലാതായി; യാത്രക്കാരുടെ പോക്കറ്റും കാലിയായി

ടിക്കറ്റ് കിട്ടാനില്ല എന്നുള്ളതായിരുന്നു വലിയ പ്രയാസം. മറ്റൊന്ന് ടിക്കറ്റിന് നല്കേണ്ടി വന്ന കൂടുതല്‍ നിരക്ക്. മൂന്നിരട്ടിയിലേറെയാണ് ടിക്കറ്റ് നിരക്കായി യാത്രക്കാര്‍ക്ക് നല്കേണ്ടി വന്നത്.

MediaOne Logo

Web Desk

  • Published:

    24 July 2018 6:09 AM GMT

കരിപ്പൂരില്‍  വലിയ വിമാനങ്ങളുടെ സര്‍വീസ് ഇല്ലാതായി; യാത്രക്കാരുടെ പോക്കറ്റും കാലിയായി
X

കരിപ്പൂര്‍ വിമാനതാവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ വലഞ്ഞത് മലബാറില്‍ നിന്നുള്ള യാത്രക്കാരാണ്. വിമാനങ്ങളില്‍ ടിക്കറ്റ് ലഭിക്കാതെയും ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് നല്കിയുമാണ് 2015 മുതല്‍ യാത്രക്കാര്‍ കരിപ്പൂരില്‍ നിന്നും യാത്ര ചെയ്യുന്നത്. ഈ വര്‍ഷത്തിനിടെ യാത്രക്കാരുടെ എണ്ണത്തില്‍ വിമാനത്താവളത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

2011 - 12 കാലയളവില്‍ 2209924 പേരാണ് കരിപ്പൂരില്‍ നിന്നും യാത്ര തിരിച്ചത്. 2012 - 2013ല്‍ അത് 2294410 ആയി ഉയര്‍ന്നു. 13-14 കാലഘട്ടത്തില്‍ 24, 65,106 പേരാണ് കരിപ്പൂരിലൂടെ യാത്ര ചെയ്തത്. 2014-15 ല്‍ 25, 83,904 യാത്രക്കാരും കരിപ്പൂരില്‍ നിന്ന് വിമാനം കയറി‍.

നിയന്ത്രണം കൊണ്ടുവന്ന 2015 - 16 കാലഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായി. 23,5826 പേരാണ് യാത്ര ചെയ്തത്. അതായത് 10.76 ശതമാനത്തിന്‍റെ കുറവ്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവുണ്ടായി. 26,51,088 പേരാണ് ആ വര്‍ഷം കരിപ്പൂരിനെ ആശ്രയിച്ചത്. 2017 -18 കാലഘട്ടത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18.5 ശതമാനം വര്‍ദ്ധനവുണ്ടായി. 31, 41, 700 പേരാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കരിപ്പൂരില്‍ നിന്നും വിവിധ ഇടങ്ങളിലേക്ക് യാത്ര ചെയ്തത്.

യാത്രക്കാരുടെ എണ്ണത്തില്‍ കരിപ്പൂര്‍ മുന്നേറുമ്പോഴും വലിയ വിമാനങ്ങളുടെ സര്‍വീസ് ഇല്ലാതായത് യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കിയെന്നതാണ് വസ്തുത. പ്രത്യേകിച്ച് ഗള്‍ഫ് സെക്ടറിലേക്കുള്ള യാത്രക്കാരുടെ. ടിക്കറ്റ് കിട്ടാനില്ല എന്നുള്ളതായിരുന്നു വലിയ പ്രയാസം. മറ്റൊന്ന് ടിക്കറ്റിന് നല്കേണ്ടി വന്ന കൂടുതല്‍ നിരക്ക്. മൂന്നിരട്ടിയിലേറെയാണ് ടിക്കറ്റ് നിരക്കായി യാത്രക്കാര്‍ക്ക് നല്കേണ്ടി വന്നത്.

ഏറ്റവും കൂടുതല്‍ ബാധിച്ചത് സൌദി അറേബ്യയിലേക്ക് മലബാറില്‍ നിന്നും പോയിരുന്ന യാത്രക്കാരെയാണ്. നിരോധനം വന്നതോടെ സൌദിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകള്‍ ഇല്ലാതായി. ഇതോടെ മറ്റ് വിമാനങ്ങളെ യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ ചെറുവിമാനങ്ങളുടെ സര്‍വ്വീസില്‍ 17 ശതമാനം വര്‍ധനവുണ്ടായി.

TAGS :

Next Story