Quantcast

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ഹജ്ജ്-ഉംറ മന്ത്രാലയം

രണ്ടായിരത്തോളം ഗൈഡുമാരേയും അഡ്മിനിസട്രേറ്റര്‍മാരെയുമാണ് പ്രത്യേകം പരിശീലിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    28 July 2018 8:16 AM IST

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ഹജ്ജ്-ഉംറ മന്ത്രാലയം
X

സൗദിയിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആധുനിക സൗകര്യങ്ങളൊരുക്കി ഹജ്ജ്-ഉംറ മന്ത്രാലയം. രണ്ടായിരത്തോളം ഗൈഡുമാരേയും അഡ്മിനിസട്രേറ്റര്‍മാരെയുമാണ് പ്രത്യേകം പരിശീലിപ്പിക്കുന്നത്. അറിയിപ്പുകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനുള്ള മൊബൈല്‍ ആപ്പും പ്രവര്‍ത്തനസജ്ജമായി.

മക്കയിലും മദീനയിലുമുള്ള ബസ് ഗൈഡന്‍സ് ഓഫീസിന് കീഴില്‍ ഹജ്ജ് ഗൈഡുകള്‍ക്കും അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കുമുള്ള പരിശീലന പരിപാടിയാണ് തുടങ്ങിത്. 2000 ആളുകളെയാണ് ഇത് വഴി ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സഹായങ്ങളും നിര്‍ദ്ധേശങ്ങളും നല്‍കുന്നതിനായി പരിശീലിപ്പിക്കുന്നത്. ഹജ്ജ് തുടങ്ങുന്നതിന് മുന്‍പായി തന്നെ പുതിയ ആളുകളെ പരിശീലനത്തിലൂടെ വാര്‍ത്തെടുക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് ബസ് ഗൈഡന്‍സ് ഓഫീസ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ബിന്‍ ഹസന്‍ സിന്ദി പറഞ്ഞു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പഴയ ബസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയതായി ഹജ്ജ്-ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ.അബ്ദുല്‍ ഫത്താഹ് മുശാത്ത് പറഞ്ഞു. ജിദ്ദ, മക്ക, മദീന നഗരങ്ങള്‍ക്കിടിയില്‍ തീര്‍ത്ഥാടകര്‍ക്ക് യാത്രാ സൗകര്യം നല്‍കുന്നതിനുപയോഗിച്ചിരുന്ന പഴയ ബസുകള്‍ ഉപയോഗിക്കുന്നത് മന്ത്രാലയം നിര്‍ത്തലാക്കി.

കഴിഞ്ഞ ദിവസം ഹജ്ജ് മന്ത്രാലയം പ്രവര്‍ത്തനമാരംഭിച്ച പരിഷ്കരിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ തീര്‍ത്ഥാടകര്‍ക്ക് ഏറെ സഹായകരമാകും. മന്ത്രാലയം പുറത്തിറക്കുന്ന ബോധവല്‍ക്കരണ സന്ദേശങ്ങളും ജംറകളിലെ കല്ലേറ് സംബന്ധിച്ച് നല്‍കുന്ന സമയക്രമങ്ങളും മക്കയിലും പുണ്യസ്ഥലങ്ങളിലും ജിദ്ദ, മദീന തുടങ്ങിയ നഗരങ്ങളിലും ഗൈഡിന്റെ സഹായമില്ലാതെ തന്നെ തീര്‍ത്ഥാടകര്‍ക്ക് എത്തിച്ചേരാന്‍ സഹായിക്കുന്ന മാപ്പും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂരിഭാഗം തീര്‍ത്ഥാടകരും സംസാരിക്കുന്ന അറബിയും ഇംഗ്ലീഷും ഉള്‍പ്പെടെ ഏഴ് ഭാഷകളില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. അറഫ ഖുതുബ വിവര്‍ത്തനം ചെയ്യുന്ന പദ്ധതിക്കും കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.

TAGS :

Next Story