സൗദിയിൽ വിദേശികളുടെ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും പാർപ്പിട കരാർ നിർബന്ധം
വർക്ക് പെർമിറ്റ് പുതുക്കിയാൽ മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കൂ. ഇതോടെ ഒരുമിച്ചു ബാച്ചിലറായി താമസിക്കുന്നവർക്ക് പുതിയ നിയമം ഏറെ പ്രയാസമുണ്ടാക്കിയേക്കും.

സൗദിയിൽ വിദേശികളുടെ വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും പാർപ്പിട കരാർ നിർബന്ധമാക്കി. നിയമം സെപ്തംബർ ഒന്ന് മുതൽ നിലവിൽ വരും. വർക്ക് പെർമിറ്റ് പുതുക്കിയാൽ മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കൂ. ഇതോടെ ഒരുമിച്ചു ബാച്ചിലറായി താമസിക്കുന്നവർക്ക് പുതിയ നിയമം ഏറെ പ്രയാസമുണ്ടാക്കിയേക്കും.
രാജ്യത്തു പ്രഖ്യാപിച്ച ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും പാർപ്പിടകാര്യ മന്ത്രാലയവും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് പുതിയ നടപടി. വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനും സെപ്തംബർ ഒന്ന് മുതൽ വാടക കരാർ തൊഴിൽ മന്ത്രാലയ സൈറ്റുമായി രജിസ്റ്റർ ചെയ്യൽ നിര്‍ബന്ധമാണ്. വർക്ക് പെർമിറ്റ് പുതുക്കിയാൽ മാത്രമേ ഇഖാമ പുതുക്കാൻ സാധിക്കൂ എന്നതിനാൽ ഫലത്തിൽ ഇഖാമ പുതുക്കുന്നതിനും പാർപ്പിട കരാർ വേണ്ടിവരും. വർക്ക് പെർമിറ്റ് ആവശ്യമില്ലാത്ത ഗാർഹിക തൊഴിലാളികൾക്ക് പുതിയ നിയമം ബാധകമാവില്ല. സ്പോൺസർമാർ നേരിട്ട് താമസ സൗകര്യം നൽകുന്ന തൊഴിലാളികളെയും നിയമം ബാധിക്കാനിടയില്ല. എന്നാൽ സ്പോൺസർമാരുടെ കീഴിലല്ലാതെ ഒറ്റക്ക് താമസിക്കുന്നവർ തങ്ങളുടെ വീട്ടുടമസ്ഥന്റെ അടുക്കൽ നിന്നും സ്വന്തം നിലക്ക് വാടകക്കരാർ നേടേണ്ടിവരും.
വിവിധ സ്പോണ്‍സര്‍മാരുടെ കീഴിലുള്ള തൊഴിലാളികൾ ഒന്നിച്ചു താമസിക്കുന്ന ബാച്ചിലർ റൂമുകളിലെ താമസക്കാരെയാണ് നിയമം കൂടുതലായും ബാധിക്കുക. ഇത്തരം റൂമുകളിലെ താമസക്കാരായ ഏതെങ്കിലും ഒരാളുടെ പേരിലായിരിക്കും വാടകക്കരാർ നിലവിലുണ്ടാവുക. അതിനാൽ മറ്റുള്ളവരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് വാടകക്കരാർ ലഭ്യമാക്കുക എന്നത് അസാധ്യമായിരിക്കും. നേരത്തെയുള്ള ബാച്ചിലർ താമസക്കാർക്ക് പുറമെ ലെവി ഏർപ്പെടുത്തിയത് മുതൽ കുടുംബങ്ങളെ നാട്ടിലയച്ചു ബാച്ചിലർ ജീവിതം ആരംഭിച്ചവരും നിരവധിയാണ്. ഒന്നിച്ചു ബാച്ചിലറായി താമസിക്കുന്നവരിൽ വാടകക്കരാർ നിലവിലില്ലാത്തവരുടെ കാര്യത്തിൽ നിയമത്തിൽ എന്തെങ്കിലും ഇളവ് ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Adjust Story Font
16

