Quantcast

സ്വദേശി-പ്രവാസി കുടുംബങ്ങള്‍ വേനലവധിയാഘോഷത്തില്‍; ഖത്തറില്‍ ജനസംഖ്യ കുറഞ്ഞു

സ്വദേശി കുടുംബങ്ങള്‍ക്ക് പുറമെ പ്രവാസി കുടുംബങ്ങളുടെയും പകുതിയിലധികം ശതമാനം അവധി ആഘോഷിക്കാനായി നാടുകളിലേക്ക് തിരിച്ചതും ജനസംഖ്യ കുറയാന്‍ കാരണമായി.

MediaOne Logo

Web Desk

  • Published:

    3 Aug 2018 1:34 AM GMT

സ്വദേശി-പ്രവാസി കുടുംബങ്ങള്‍ വേനലവധിയാഘോഷത്തില്‍; ഖത്തറില്‍ ജനസംഖ്യ കുറഞ്ഞു
X

വേനലവധി തുടങ്ങിയതോടെ ഖത്തറില്‍ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടയിലെ ഏറ്റവും വലിയ കുറവ് ജനസംഖ്യയാണിപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വദേശി, പ്രവാസി കുടുംബങ്ങളില്‍ ഭൂരിഭാഗവും വേനലവധിയാഘോഷത്തിനായി തിരിച്ചതാണ് ജനസംഖ്യ കുറയാന്‍ കാരണമായത്.

ജൂലൈ അവസാനം രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 24,50,285 പേരാണ് ഖത്തറിലുള്ളത്. ഈ വര്‍ഷം ജൂണിനെ അപേക്ഷിച്ച് 5.3 ശതമാനത്തിന്റെ കുറവാണ് ജൂലൈ അവസാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണില്‍ 25,80,734 ആയിരുന്നു ഖത്തറിലെ ജനസംഖ്യ.

വികസന ആസൂത്രണ സ്ഥിതി വിവരക്കണക്ക് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഇതിനു മുമ്പ് ഖത്തറിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യ 2017 ആഗസ്തിലായിരുന്നു. അന്നത്തെ ജനസംഖ്യ 24,46,328 ആയിരുന്നു.

വാര്‍ഷിക വേനലവധി കാരണം നിരവധി കുടുംബങ്ങള്‍ രാജ്യത്തിനു പുറത്തേക്കു പോകുന്നതാണ് ഈ മാസങ്ങളില്‍ ജനസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ കാരണം. സ്വദേശി കുടുംബങ്ങള്‍ക്ക് പുറമെ പ്രവാസി കുടുംബങ്ങളുടെയും പകുതിയിലധികം ശതമാനം അവധി ആഘോഷിക്കാനായി നാടുകളിലേക്ക് തിരിച്ചതും ജനസംഖ്യ കുറയാന്‍ കാരണമായി.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ ജനസംഖ്യയില്‍ 19,03,88പേര്‍ പുരുഷന്മാരും 5,46,397പേര്‍ വനിതകളുമാണ്. കഴിഞ്ഞ ആഗസ്തിനുശേഷം പുരുഷന്മാരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തുന്നതും ഈ ജുലൈയിലാണ്. കഴിഞ്ഞ ആഗസ്തില്‍ 18,76,892 പുരുഷന്മാരായിരുന്നു രാജ്യത്തുണ്ടായിരുന്നത്.

കഴിഞ്ഞ വര്‍ഷം7 ആഗസ്തിനെ അപേക്ഷിച്ച് ഈ ജൂലൈയില്‍ വനിതകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2017 ആഗസ്തില്‍ രാജ്യത്തെ വനിതകളുടെ എണ്ണം 5,47,986 ആയിരുന്നു. ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ജനസംഖ്യ രേഖപ്പെടുത്തിയത് മേയ് അവസാനമായിരുന്നു. 27,31,910 ആയിരുന്നു മേയിലെ ജനസംഖ്യ.

TAGS :

Next Story